
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ ഹൗസ് ബോട്ട് ജീവനക്കാരെ വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ പിടിയിൽ. ആലിഞ്ചുവട് സ്വദേശികളായ ജോബ് ജോസഫ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിനോദ സഞ്ചാരികളെ ഹൗസ് ബോട്ട് സവാരിക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിൽ.
ഹൗസ് ബോട്ട് സവാരിക്ക് എത്തുന്ന വിനോദസഞ്ചാരികളെ ബോട്ട് ഉടമകളെ ഭീഷണിപ്പെടുത്തി മറ്റുബോട്ടുകളിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്ന രീതി ആലപ്പുഴയിലുണ്ട്. സമാനമായ തർക്കമാണ് അക്രമണത്തിന് പിന്നിലുമെന്ന് പൊലീസ് പറഞ്ഞു. ജോബ് ജോസഫ്, വൈശാഖ് എന്നിവർ ബോട്ട് ജീവനക്കാരെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
തലനാരിഴയ്ക്കാണ് ഹൗസ് ബോട്ട് ജീവനക്കാരൻ ആക്രമി സംഘത്തിന്റെ വാൾമുനയിൽ നിന്നും രക്ഷപെട്ടത്. പുന്നമട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘമാണ് ഹൗസ് ബോട്ട് മേഖലയെ തകർക്കുന്ന ഇത്തരം പ്രവണതകൾക്ക് പിന്നില്ലെന്ന് ബോട്ട് ഉടമകൾ ആരോപിക്കുന്നു.
ഹൗസ് ബോട്ട് ജീവനക്കാരുടെ പരാതിയില്‍ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പുന്നമടയിൽ ഇത്തരം ആക്രമണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നീരിക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Read More : ദില്ലിയില്‍ മലയാളി മാധ്യമപ്രവർത്തകനെതിരെ അറസ്റ്റ് വാറണ്ട്
വൃദ്ധ ദമ്പതികളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ട സംഭവം: മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച 3 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: വയോധികനെയും ഭാര്യയേയും മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ധിച്ച മൂന്നുപേര്‍ അറസ്റ്റില്‍. താമരശ്ശേരി ചുടലമുക്ക് കൂടത്തിങ്കല്‍ ചന്ദ്രനേയും ഭാര്യയേയും മകനും ബന്ധുക്കളും ചേര്‍ന്ന് രാത്രിയില്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകന്‍ മജീദ് താമരശ്ശേരിയെ അക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.
ചന്ദ്രന്റെ മക്കളായ സായികുമാര്‍, സനൂപ്, സായികുമാറിന്റെ ഭാര്യാ പിതാവ് രാധാകൃഷ്ണന്‍ എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഏട്ട് പേരടങ്ങിയ സംഘമാണ് മജീദിനെ അക്രമിച്ചത്. ചന്ദ്രനില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും സ്‌കൂട്ടര്‍ മറിച്ചിടുകയും ചെയ്തു. ചന്ദ്രന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും മകന്‍ സായികുമാറിന്റെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ വീട്ടിലാണ് ചന്ദ്രനും ഭാര്യയും താമസിച്ചിരുന്നത്. ചന്ദ്രന്റെ പേരിലുള്ള സ്ഥലത്തിന്റെ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ട് മകന്‍ സായികുമാര്‍ ഇവരെ ഇറക്കി വിട്ട് വീട് പൂട്ടി പോവുകയായിരുന്നു. ചന്ദ്രന്റെ രണ്ടാമത്തെ ഭാര്യയിലുള്ള മകന്‍ വിദേശത്ത് നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും സായികുമാറിനെ വിളിച്ചു വരുത്തി രാത്രിയില്‍ വീട് തുറന്ന് ചന്ദ്രന്റെ വീട്ടുപകരണങ്ങള്‍ പുറത്തെടുക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകനായ മജീദ് സ്ഥലത്തെത്തിയത്. നാട്ടുകാര്‍ ഇടപെട്ടാണ് മജീദിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തിയത്.