
ഗുണ: കീടനാശിനി മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിന് നേരെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പിന്നോക്ക സമുദായത്തില്‍പ്പെട്ട യുവാവിനെയാണ് തദ്ദേശീയരായ ആളുകള്‍ ക്രൂരമായി ആക്രമിച്ചത്. യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഗുണ പൊലീസ് വ്യക്തമാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ജൂലൈ 16നാണ് കേസ് ആസ്പദമായ സംഭവം നടക്കുന്നത്. വികാസ് മാലി എന്നയാളാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. ഇയാള്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കീടനാശിനി 5500 രൂപ വിലമതിക്കുന്നതായിരുന്നുവെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇത് ഒരു കൃഷിക്കാരന്‍റെ കയ്യില്‍ നിന്ന് മോഷ്ടിച്ച ശേഷം ചന്തയില്‍ 3000 രൂപയ്ക്ക് മറിച്ച് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെ പിടിച്ചതെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റഎ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കഴുത്തില്‍ തുണി ചുറ്റിയ ശേഷം ഇയാളെ റോഡിലൂടെ വലിച്ചിഴച്ചായിരുന്നു മര്‍ദ്ദനം. മധ്യപ്രദേശിലെ അശോക് നഗര്‍ ജില്ലക്കാരനാണ് വികാസ് മാലി. ഇയാള്‍ക്കെതിരെ ഏഴ് കേസുകളാണ് ചുമത്തിയിട്ടുള്ളത്. മോഷ്ടിച്ചെങ്കില്‍ കൂടിയും യുവാവിനെ ആക്രമിക്കാനും നിയമം കയ്യിലെടുക്കാനും മറ്റാര്‍ക്കും അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഗുണ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ദളിത് ദമ്പതികൾക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിന് പിന്നാലെയാണ് ഈ സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam