
ചെന്നൈ: ചെന്നൈ നഗരത്തിൽ നിന്ന് എൻഫീൽഡ് ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന വാഹനമോഷ്ടാക്കൾ പൊലീസിന്‍റെ പിടിയിൽ. ട്രിപ്ലിക്കൻ, പെരുമ്പാക്കം സ്വദേശികളായ രണ്ട് മോഷ്ടാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റവും ഒടുവിൽ മോഷ്ടിച്ച ഒൻപത് ബുള്ളറ്റുകളും ഇവരിൽ നിന്ന് കണ്ടെത്തി.
ചെന്നൈ നഗരത്തിൽ നിന്നും പ്രാന്ത പ്രദേശങ്ങളിൽ നിന്നും മാത്രമേ മോഷ്ടിക്കൂ, എന്‍ഫീൽഡ് ബൈക്കുകൾ മാത്രമേ മോഷ്ടിക്കൂ. അതിൽ ബുള്ളറ്റ് മുതൽ ഹിമാലയനോ മെറ്റിയോറോ വരെ ഏത് മോഡലുമാകാം. ഇതാണ് മോഷ്ടാക്കളുടെ രീതി. ട്രിപ്ലിക്കൻ സ്വദേശി സുരേഷ് രാജൻ, പെരുമ്പാക്കം സ്വദേശി മണി എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം ഐപിഎൽ മത്സരം കാണാനായി ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിന് സമീപം റെയിൽവേ സ്റ്റേഷനടുത്ത് ബൈക്ക് പാർക്ക് ചെയ്ത ചൂളൈമേട് സ്വദേശി ബാലസുന്ദരത്തിന്‍റെ എൻഫീൽഡ് ബൈക്ക് മോഷണം പോയിരുന്നു. കളി കണ്ട് തിരിച്ചിറങ്ങിയപ്പോൾ ബൈക്ക് വച്ചിടത്ത് കാണാത്തതിനെ തുടർന്ന് അണ്ണാ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സുരേഷും മണിയും ബൈക്ക് കടത്തുന്നത് കണ്ടെത്തി. ട്രാഫിക് ക്യാമറകളിലെ ദൃശ്യങ്ങൾ പിന്തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ട്രിപ്ലിക്കനിൽ വച്ച് ഇരുവരേയും പൊലീസ് പൊക്കി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷ്ടാക്കൾ എൻഫീൽഡ് സ്പെഷ്യലിസ്റ്റുകളാണെന്ന് വെളിവായത്. നഗരത്തിൽ പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച് വിവിധയിടങ്ങളിൽ ഒളിപ്പിച്ചുവച്ചിരുന്ന ഒൻപത് എൻഫീൽഡ് ബൈക്കുകളും തുടർന്ന് കണ്ടെത്തി. ഇത് ഏറ്റവും ഒടുവിൽ മോഷ്ടിച്ച ബൈക്കുകളാണെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി ബുള്ളറ്റ് മോഷണം നടത്തുന്ന പ്രതികൾ ഇതുവരെയെത്ര വാഹനങ്ങൾ മോഷ്ടിച്ചുവെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam