തൃശൂരില്‍ വീട്ടമ്മ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

By Web TeamFirst Published Mar 15, 2021, 5:48 PM IST
Highlights

സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

തൃശൂര്‍: കാട്ടൂര്‍ക്കടവില്‍ വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കരാഞ്ചിറ സ്വദേശി നിഖില്‍, പുല്ലഴി സ്വദേശി ശരത്ത് എന്നിവരാണ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായത്. സംഭവത്തില്‍ ഗുണ്ടാ നേതാവ് ദര്‍ശന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. നന്ദനത്തു പറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മിയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 

രാത്രി പത്ത് മണിയോടെ ഗുണ്ടാസംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നു. പന്നിപടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ഗുണ്ടാസംഘം ലക്ഷ്മിയെ വെട്ടി വീഴ്ത്തിയത്.

ലക്ഷ്മിയുടെ ഭര്‍ത്താവും ഗുണ്ടാ സംഘവും തമ്മിലുള്ള തര്‍ക്കത്തിന്റെ തുടര്‍ച്ചയായായിരുന്നു ആക്രമണം. അറസ്റ്റിലായ നിഖിലിന്റെ കടയില്‍ ഹരീഷ് പുകവലിക്കുന്നതിനെച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ഹരീഷ് നിഖിലിന്റെ വീട്ടിലെത്തി അമ്മയേയും സഹോദരിയേയും ഭീഷണിപ്പെടുത്തി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ നിഖില്‍ ഗുണ്ടകള്‍ക്കൊപ്പം വീട്ടിലെത്തിയെങ്കിലും ഹരീഷ് വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഭാര്യയെ ആക്രമിച്ചത്. സംഭവ ശേഷം ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതികളെ ചേലക്കരയില്‍ നിന്നാണ് പിടികൂടിയത്. ദര്‍ശന്‍, രാകേഷ് എന്നിവരാണ് പിടിയിലാകാനുള്ളത്. 

സംഭവത്തിന് ശേഷം ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും ഒളിവിലാണ്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാളെ പൊലീസ് തിരയുകയാണ്. ലക്ഷ്മിയുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
 

click me!