ഷോറൂമില്‍ നിന്ന് അടിച്ചുമാറ്റിയ കാറില്‍ ഇന്ധനമില്ല; പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍

By Web TeamFirst Published Sep 14, 2021, 6:55 AM IST
Highlights

കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് താക്കോലെടുത്തത്. ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ടം സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയായിരുന്നു. 

തോണിച്ചാല്‍: യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നും അടിച്ചുമാറ്റിയ കാറുമായി പെട്രോള്‍ പമ്പിലെത്തിയ മോഷ്ടാക്കള്‍ പിടിയില്‍. മാനന്തവാടി തോണിച്ചാലിലാണ് സംഭവം. ചങ്ങാടക്കടവിലെ മലബാർ മോട്ടോഴ്സ് യൂസ്ഡ് കാർ കടയില്‍ നിന്നുമാണ് കാര്‍ മോഷണം പോയത്. കടയുടെ മുന്നിലുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകടന്ന മോഷ്ടാക്കള്‍ ഓഫീസ് മുറി കുത്തിത്തുറന്നാണ് താക്കോലെടുത്തത്.

ഇതിനിടെ കെട്ടിട ഉടമ കടയ്ക്കുള്ളിലെ ശബ്ദം കേട്ടം സ്ഥാപന ഉടമകളെ വിവരം അറിയിക്കുകയായിരുന്നു. സ്ഥാപനമുടമകള്‍ പൊലീസിലും വിവരമറിയിക്കുകയായിരുന്നു. ഷോറൂമില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ ഇന്ധനം കുറവായിരിക്കുമെന്ന ധാരണയില്‍ പൊലീസുകാര്‍ മാനന്തവാടിയിലും പരിസരങ്ങളിലേയും പെട്രോള്‍ പമ്പുകള്‍ നിരീക്ഷിക്കുകയായിരുന്നു. ഇതിനിടയിലാണ് തോണിച്ചാലിലെ പെട്രോള്‍ പമ്പില്‍ മോഷ്ടാക്കള്‍ വാഹനവുമായി എത്തുന്നത്.

രാത്രി സമയം പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍ കുറവായിരുന്നതും പൊലീസിന് സഹായിച്ചു. മലപ്പുറം കാര്യവട്ടം തേലക്കാട് ചെറങ്ങരക്കുന്നു  താളിയിൽ വീട്ടിൽ രത്നകുമാർ, കൊല്ലം കടക്കൽ കൈതോട് ചാലുവിള പുത്തൻവീട്ടിൽ അബ്ദുൽ കരീം എന്നിവരാണ് പിടിയിലായത്. അബ്ദുൽ കരീം പനമരം പെ‍ാലീസ് സ്റ്റേഷനിലെ വിവിധ കേസുകളിൽ പ്രതിയാണ്. ലഹരിമരുന്ന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് രത്നകുമാർ. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!