
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വില്പനയ്ക്കായി സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവുമായി മത്സ്യ വ്യാപാരി ഉൾപ്പടെ രണ്ട് പേര്‍ പിടിയിൽ. പൊലീസിന്റെ രാത്രി കാല പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. കട്ടപ്പന മാർക്കറ്റിലെ മത്സ്യ വ്യാപാരിയായ കല്ലുകുന്ന് ബ്ലാംഹുംപുരയിടത്തിൽ ഷാജിയെന്ന് അറിയപ്പെടുന്ന ഷാജഹാൻ, വെസ്റ്റ് ബംഗാൾ സ്വദേശി ലാൽറ്റുകായൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ കട്ടപ്പന നഗരത്തിൽ ചേന്നാട്ട് മറ്റം ജംഗ്ഷന് സമീപത്ത് വച്ചാണ് ഇരുവരെയും എസ് എച്ച് ഒ വിശാൽ ജോൺസണും സംഘവും പിടികൂടിയത്. കുരിശുപള്ളിയോട് ചേർന്നുള്ള ഇടവഴിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വെസ്റ്റ് ബംഗാൾ സ്വദേശിയുടെ പക്കലുണ്ടായിരുന്ന കവർ തുറന്ന് പരിശോധിച്ചപ്പോഴാണ് 2.65 കിലോ ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
കട്ടപ്പനയിൽ യുവാക്കൾക്കിടയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. മുൻപ് ഷാജഹാന്റെ ഗോഡൗണിൽ നിന്ന് നഗരസഭാ ആരോഗ്യ വിഭാഗം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടുണ്ട്. മുൻപും ലഹരി ഇടപെടുമായി ബന്ധപ്പെട്ട് ഷാജഹാനെതിരെ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
മയക്കുമരുന്ന് ലഹരിയിൽ വീട് കയറി അതിക്രമം, വീട്ടുകാരെ അസഭ്യം പറച്ചിൽ; ആലപ്പുഴയിൽ യുവാവ് പിടിയിൽ
അതേസമയം കഞ്ചാവ് കേസില്‍ മകനെ രക്ഷിക്കാന്‍ ശ്രമിച്ച എസ്ഐക്ക് എതിരെ നടപടി തുടങ്ങി. എറണാകുളം തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സാജനെ സസ്പെന്‍റ് ചെയ്തു. കഞ്ചാവ് കടത്തിയ മകൻ നവീനെ സംരക്ഷിക്കുകയും വിദേശത്തേക്ക് രക്ഷപെടാൻ സഹായിക്കുകയും ചെയ്തെന്ന കേസിലാണ് സസ്പെൻഷൻ.