
ആലുവ: ആലങ്ങാട് ഗർഭിണിയെ സ്ത്രീധനത്തിന്‍റെ പേരിൽ മർദിച്ച സംഭവത്തിൽ ഭർത്താവടക്കം രണ്ട് പേർ അറസ്റ്റിൽ. ഒളിവിൽ പോയ ഭർത്താവ് ജൗഹറിനെയും സുഹൃത്ത് സഹലിനെയുമാണ് ആലങ്ങാട് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ജൂൺ 30-നാണ് ആലുവ ആലങ്ങാട് ഭർതൃവീട്ടിൽ ഗർഭിണിയായ നഹ്ലത്തിനെയും പിതാവ് സലീമിനെയും ജൗഹറും വീട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. സത്രീധനം നൽകിയ പത്ത് ലക്ഷത്തിന് പുറമേ കൂടുതൽ പണം ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പൊലീസ് പിടിയിലാകുമെന്ന് കണ്ടതോടെ ഒളിവിൽ പോയ ജൗഹറിനെ ആലുവ മുപ്പത്തടത്തു നിന്നാണ് പോലീസ് പിടികൂടിയത്.
മർദനത്തിന് കൂട്ടുനിന്ന ജൗഹറിന്‍റെ സുഹൃത്ത് പറവൂർ മന്നം സ്വദേശി സഹലിനെയും ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ആറാം പ്രതിയാണ് സഹൽ. ജൗഹറിന്റെ അമ്മ സുബൈദ സഹോദരിമാരായ ഷബീന, ഷറീന എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇവരുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നഹ്ലത്തിനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്‍റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേസിൽ പിടിയിലായ ജൗഹറിനെയും സഹലിനെയും കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam