
കൊല്ലം: വ്യാജ വാറ്റ് കേന്ദ്രത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗ്യഹനാഥന്‍ മരിച്ച സംഭവത്തില്‍ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തെങ്ങിൽ നിന്ന് കാൽവഴുതി വീണ് ഗുരുതര പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിക്കാതെ സുഹൃത്തുക്കളായ പ്രതികൾ സ്ഥലത്ത് നിന്നും മുങ്ങുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ഏപ്രില്‍ 19നാണ് ഫാമിങ് കോർപ്പറേഷൻ എസ്റ്റേറ്റിലെ വ്യാജവാറ്റ് കേന്ദ്രത്തില്‍ ഗുരുതരമായി പരിക്കേറ്റ് കിടന്ന പ്രദീപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 18-ാം തീയതി രാത്രിയിൽ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സുഹൃത്തുക്കൾ അപായപ്പെടുത്തിയതാണെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്‍റെ കുടുംബം റൂറൽ എസ്‌പി ഹരിശങ്കറിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അന്വേഷിച്ച പുനലൂര്‍ ഡിവൈഎസ്‌പി അനില്‍ദാസിന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
രാത്രിയേറെക്കഴിഞ്ഞിട്ടും പ്രദീപ് തിരിച്ച് വരാതായതോടെ ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. സുഹൃത്തിനെ വിളിച്ചപ്പോൾ ഒരു മണിക്കൂറിനകം എത്തുമെന്ന് പറഞ്ഞു. തെരച്ചിലിനൊടുവിൽ പിറ്റേദിവസം രാവിലെ അബോധാവസ്ഥയിലാണ് പ്രദീപിനെ കണ്ടെത്തുന്നത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Read more: ഉത്ര കൊലപാതകം: സൂരജിന്‍റെ അമ്മയെയും സഹോദരിയെയും മൂന്നാമതും ചോദ്യം ചെയ്‌തു വിട്ടയച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam