അഴിമതി കൊലപാതക കേസുകള്‍ യുപിയില്‍ രണ്ട് മുതിര്‍ന്ന ഐപിഎസുകാര്‍ ഒളിവില്‍

By Web TeamFirst Published Dec 11, 2020, 10:09 PM IST
Highlights

കാണാതായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ മഹോബ എസ്പി മണിലാല്‍ പട്ടിദാര്‍ സെപ്റ്റംബറില്‍ ഇന്ദിര കാന്ത് എന്ന വ്യവസായിയെ കൊലപ്പെടുത്തിയതിന് ലഖ്‌നൗ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

ലഖ്‌നൗ: അഴിമതി കൊലപാതക കേസുകളില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയത് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ വിവാദമാകുന്നു. യുപി പൊലീസിന് ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും പ്രാദേശിക കോടതി പുറപ്പെടുവിച്ചതോടെയാണ് സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

അഴിമതി കേസില്‍ അറസ്റ്റിലായ ആഗ്രയിലെ പിഎസി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അരവിന്ദ് സെന്നിനെതിരെ വ്യാഴാഴ്ച ലഖ്‌നൗ കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ നിലനില്‍ക്കുന്ന എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് അലഹബാദ് കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. കന്നുകാലി വളര്‍ത്തല്‍ അഴിമതിയുടെ സൂത്രധാരന്റെ നിര്‍ദേശപ്രകാരം അരവിന്ദ് സെന്‍ പരാതിക്കാരനെ ഓഫീസില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്ന ആരോപണവും ഇയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കൂടാതെ ആഗസ്റ്റില്‍ വഞ്ചന കുറ്റത്തിനും വ്യാജ രേഖ ചമയ്ക്കലിനും അരവിന്ദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ ഒളിവിലാണ് എന്നാണ് വിവരം.

കാണാതായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ മഹോബ എസ്പി മണിലാല്‍ പട്ടിദാര്‍ സെപ്റ്റംബറില്‍ ഇന്ദിര കാന്ത് എന്ന വ്യവസായിയെ കൊലപ്പെടുത്തിയതിന് ലഖ്‌നൗ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. മണിലാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  അലഹാബാദ് കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ ഒളിവില്‍ പോയത് യോഗിയുടെ ഭരണത്തിന്റെ സത്യാവസ്ഥയാണെന്നും സമാജ്‌വാദി നേതാവ് ഐപി സിങ് പറഞ്ഞു. <ഇതിന്റെ ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറി അവാനിഷ് അവസ്തിയ്ക്കാണെന്നും അദേഹം രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥര്‍ മണ്ടത്തരമാണെന്നും ഇവരെ പിരിച്ചുവിട്ടാലെ സംസ്ഥാനം രക്ഷപ്പെടുകയുള്ളൂവെന്നും, ക്രമസമാധാനം പരിപാലിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടുവെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ ലാലന്‍ കുമാര്‍ പറഞ്ഞു. 

പ്രതിപക്ഷത്തിന്റെ വാദങ്ങളെ നിഷേദിച്ചുകൊണ്ട് ബിജെപിയുടെ വക്താവ് നവീന്‍ ശ്രീവസ്തവ രംഗത്തെത്തി. പ്രതികള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും അവരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നുണ്ടെന്നുമാണ് ബിജെപി പറയുന്നത്.

click me!