വയനാട്ടില്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

By Web TeamFirst Published Sep 23, 2022, 12:15 AM IST
Highlights

പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കല്‍പ്പറ്റ: വയനാട് കൽപ്പറ്റയിൽ  എം.ഡി.എം.എയും, കഞ്ചാവുമായി രണ്ട് യുവാക്കള്‍ പൊലീസിന്‍റെ പിടിയില്‍. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.കെ. മുഹമ്മദ് ഫാസിദ്, താമരശേരി  സ്വദേശി പി.കെ. അനൂപ്  എന്നിവരാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കല്‍പറ്റ പോലീസും സംയുക്തമായി കൽപ്പറ്റ ജംഗ്ഷനില്‍ വെച്ചു നടത്തിയ വാഹന പരിശോധനയിലാണ്  ഇരുവരേയും പിടികൂടിയത്.

പ്രതികൾ ഉപയോഗിച്ച മാരുതി സ്വിഫ്റ്റ് കാറില്‍ നിന്നും 12 ഗ്രാം  എം.ഡി.എം.എയും, 23 ഗ്രാം കഞ്ചാവും കണ്ടെത്തി. ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതിനിടെ  മലപ്പുറം ജില്ലയില്‍ കോടികളുടെ മാരക മയക്കുമരുന്നുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ ഒതുക്കങ്ങള്‍ സ്വദേശി കാളങ്ങാടന്‍ സുബൈറിനെ (42)യാണ് അറസ്റ്റ് ചെയ്തത്.  ബാംഗ്ലൂര്‍, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് ജില്ലയില്‍ വില്‍പ്പന നടത്താനായി എത്തിച്ച സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എംഡി എം എയുമായാണ് ഇയാളെ കൊളത്തൂര്‍ പൊലീസ് പിടികൂടിയത്. 

എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പുകള്‍ തുടങ്ങിയ സിന്തറ്റിക് മയക്കുമരുന്നുകള്‍  തദ്ദേശീയരായ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന കോട്ടക്കല്‍  കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുന്ന സംഘത്തിലെ ചില കണ്ണികളെ കുറിച്ച് പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തനിടുവിലാണ് ഇയാള്‍ വലയിലായത്. പടപ്പറമ്പ്  ടൗണിന് സമീപത്തു നിന്നാണ്   140 ഗ്രാം എം ഡി എം എയുമായി പ്രതിയെ അറസ്റ്റു ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് ഒരു കോടിയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു.

Read More : തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് കണ്ടെടുത്തത് 158 കോടിയുടെ മയക്കുമരുന്ന്, രണ്ടുപേര്‍ അറസ്റ്റില്‍

tags
click me!