'നാട്ടുകാരുടെ അവഗണന'; വാഹനങ്ങള്‍ക്ക് തീയിട്ട് സിസിടിവി ക്യാമറ തകര്‍ത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍

By Web TeamFirst Published Jun 1, 2021, 12:38 AM IST
Highlights

നാട്ടുകാരില്‍ നിന്നുളള അവഗണന സഹിക്കാനാവാതെയാണ് നാട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി.

കൊല്ലം: ശാസ്താംകോട്ടയില്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പൊലീസ് സ്റ്റേഷന്‍ പരിസരത്തെ സിസിടിവി തകര്‍ക്കുകയും ചെയ്ത കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. നാട്ടുകാരില്‍ നിന്നുളള അവഗണന സഹിക്കാനാവാതെയാണ് നാട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി. 

ഇരുപത്തി രണ്ടു വയസുകാരന്‍ അജിത്തും,ഇരുപത്തിയൊന്നുകാരന്‍ സ്റ്റെറിനും. ഇരുവരും ചേര്‍ന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ശാസ്താംകോട്ട പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പൊലീസ് സ്റ്റേഷന് സമീപത്തെ റോ‍ഡില്‍ സിസിടിവി തകര്‍ത്ത ചെറുപ്പക്കാര്‍ പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ലോറിയും സമീപത്തെ വീട്ടിലെ ഇരുചക്ര വാഹനവും തീവച്ചു നശിപ്പിക്കുകയുമായിരുന്നു. 

മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരം അറസ്റ്റിലായത്. അജിത്താണ് ഒന്നാം പ്രതി. തന്നെ നാട്ടുകാര്‍ നിരന്തരം അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതില്‍ മനം നൊന്താണ് അക്രമണം ആസൂത്രണം ചെയ്തതെന്ന് അജിത് പൊലീസിനോട് പറഞ്ഞു. 

ആക്രമണത്തിനു ശേഷം ഇരുവരും ഒളിവിൽ പോകാൻ ശ്രമിച്ചു. എന്നാൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും പിടിയിലാവുകയായിരുന്നു. ശാസ്താംകോട്ട ഇൻസ്പെക്ടർ എ. ബൈജുവും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!