
കൊല്ലം: കൊല്ലം അഞ്ചാലുംമൂട് മദ്യപാനത്തിനിടെ യുവാവിനെ അമ്മാവൻ തലയ്ക്കടിച്ച് കൊന്നു. മണലിക്കട സ്വദേശി ബിനുവാണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
ഇന്നലെ രാത്രി എട്ടരയോടയായിരുന്നു സംഭവം നടന്നത്. തൃക്കരുവയിൽ വാടക വീട്ടിൽ താമസിക്കുന്ന മണലിക്കട സ്വദേശിയായ ബിനുവിനെയാണ് അമ്മാവൻ വിജയകുമാർ കൊല്ലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന ഇരുവരും തമ്മിൽ മുൻപ് നടന്ന കുടുംബ പ്രശ്നങ്ങളെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ വിജയകുമാർ ബിനുവിനെ ഉലക്ക കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അയൽവാസികൾ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിജയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യപിച്ചു ഇരുവരും വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.