
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതൻ തീയിട്ട് നശിപ്പിച്ചു. കൊളത്തറ വല്ലിക്കാട് ആനന്ദകുമാറിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും സ്കൂട്ടറുമാണ് പെട്രോളൊഴിച്ച് കത്തിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നല്ലളം പൊലീസ് അന്വേഷണം തുടങ്ങി. അർദ്ധരാത്രിയോടെയാണ് സംഭവം. വീടിന് മുന്നിൽ തീയാളുന്നത് കണ്ട വഴിയാത്രക്കാരൻ മീഞ്ചന്ത അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സമയോചിത ഇടപെടലിൽ വീടിന് തീ പിടിക്കാതെ നിയന്ത്രിക്കാനായി. കാറും സ്കൂട്ടറും പൂർണമായി കത്തിനശിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. മൂന്നുകുപ്പി പെട്രോളുമായെത്തിയ യുവാവാണ് തീയിട്ടത്. മുറ്റത്തുണ്ടായിരുന്ന വാഹനങ്ങളിൽ ഇയാൾ പെട്രോളൊഴിച്ച് തീ കൊളുത്തി. തീയാളിയതോടെ ഇയാൾ ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞയാഴ്ചയും വീടിന് നേരെ ആക്രമണം നടന്നിരുന്നു. ബന്ധുക്കളുമായി ചില സ്വത്ത് തർക്കമുണ്ടെന്ന് വീട്ടുടമ ആനന്ദകുമാർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടങ്ങിയെന്നും നല്ലളം പൊലീസ് അറിയിച്ചു
അതേസമയം, വയനാട് ജില്ലയില്‍ ഒരാഴ്ചക്കിടെ അഗ്നിക്കിരയായത് മൂന്ന് കാറുകള്‍. ഇന്നലെയാണ് ഏറ്റവും അവസാനത്തെ സംഭവം. പകല്‍ നേരങ്ങളിലെ കനത്ത ചൂട് തീപിടുത്തത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും അഗ്നിബാധയുടെ മൂലകാരണം കണ്ടെത്താന്‍ വാഹനങ്ങളില്‍ കൃത്യമായ പരിശോധന നടക്കുന്നുണ്ടോ എന്നത് സംശയമാണെന്ന് വാഹനപ്രേമികള്‍ സൂചിപ്പിക്കുന്നു.
അഗ്നിബാധയില്‍പെടുന്ന വാഹനത്തില്‍ നിന്ന് പലപ്പോഴും തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപ്പെടാറുള്ളത്. തലപ്പുഴ ടൗണിനടുത്ത നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന ഡസ്റ്റര്‍ കാറിന് തീപിടിച്ചതാണ് വയനാട്ടിലെ അവസാനത്തെ സംഭവം. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട് വാഹനം നിര്‍ത്തി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും നമിഷങ്ങള്‍ക്കുള്ളിലാണ് വാഹനത്തെ അഗ്നി വിഴുങ്ങിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാരും വാഹനത്തിനിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. റോഡ് നിര്‍മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളം ഉപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.