Latest Videos

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ജീവനോടെ തീ കൊളുത്തിയ സംഭവം; 5 പ്രതികളും പിടിയില്‍

By Web TeamFirst Published Dec 5, 2019, 7:09 PM IST
Highlights

തീ പടര്‍ന്ന ശേഷം പെണ്‍കുട്ടി സഹായമഭ്യര്‍ഥിച്ച് ഒരുകിലോമീറ്ററോളം ഓടിയെന്ന് സാക്ഷിയായ രവീന്ദ്ര പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.

ഉന്നാവ്: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ യുവതി വിചാരണക്ക് പോകുന്ന വഴിയെ  ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ച കേസിലെ അഞ്ച് പ്രതികളും പിടിയിലായതായി പൊലീസ്. നേരത്തെ മൂന്ന് പ്രതികളായിരുന്നു പിടിയിലായിരുന്നത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ട് പേര്‍ ബലാത്സംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയവരാണെന്ന് പൊലീസ് അറിയിച്ചു. സംഭവം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ഡിജിപി പറഞ്ഞു. ഉന്നാവ് എഎസ് പി നേതൃത്വം നല്‍കുന്ന സംഘമാണ് കേസ് അന്വേഷിക്കുക. 

അതേസമയം, 90 ശതമാനം പൊള്ളലേറ്റ 23-കാരിയുടെ നില അതിഗുരുതരമായി തുടരുകയാണ്.  ലഖ്നൗ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 48 മണിക്കൂറിന്  ശേഷമേ ദില്ലിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് പറയാനാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ രംഗത്തെത്തി. തീ പടര്‍ന്ന ശേഷം പെണ്‍കുട്ടി സഹായമഭ്യര്‍ഥിച്ച് ഒരുകിലോമീറ്ററോളം ഓടിയെന്ന് സാക്ഷിയായ രവീന്ദ്ര പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം മാർച്ചിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടർന്ന് ഉന്നാവ് പൊലീസിൽ പെൺകുട്ടി പ്രതികൾക്കെതിരെ പരാതി നൽകിയിരുന്നു. കേസിൽ കൃത്യമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികൾ ഒളിവിലാണെന്ന വാദം പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോയി.

ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പറഞ്ഞ് പെൺകുട്ടി വീണ്ടും പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിലും പൊലീസ് അലംഭാവം തുടര്‍ന്നു. വ്യാഴാഴ്ച കേസിന്‍റെ വിചാരണ കോടതിയിൽ നടക്കാനിരിക്കെ,  വീട്ടിൽ നിന്ന് പുറപ്പെട്ട പെൺകുട്ടിയെയാണ് പ്രതികൾ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള റോഡിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

ഉന്നാവിൽ നിന്ന് തന്നെയുള്ള പെൺകുട്ടിയാണ് മുൻ ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗക്കേസ് നൽകിയത്. പരാതിയിൽ സെംഗാർ അറസ്റ്റിലായെങ്കിലും ഇയാളുടെ ബന്ധുക്കളിൽ നിന്ന് പെൺകുട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതിനിടെയാണ് ബന്ധുവിന്‍റെ വീട്ടിൽ നിന്ന് മടങ്ങി വരും വഴി പെൺകുട്ടി സഞ്ചരിച്ച കാറിന് നേരെ ലോറി ഇടിക്കുന്നതും അതീവഗുരുതരാവസ്ഥയിൽ പെൺകുട്ടി ആശുപത്രിയിലാകുന്നതും. അന്ന് യുപിയിലെ യോഗി ആദിത്യനാഥ് സർക്കാരിന് നേരെ രൂക്ഷവിമർശനമാണ് സുപ്രീംകോടതി ഉയർത്തിയത്. 

click me!