യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കൊവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന മൃതദേഹം അടക്കി

By Web TeamFirst Published Jun 28, 2021, 10:56 PM IST
Highlights

ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോള്‍ഡ് സ്‌റ്റോറേജ് ഉടമയുടെ മകനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി രണ്ട് കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ കാറിനുള്ളില്‍വെച്ച് 23കാരനായ യുവാവിനെ കൊലപ്പെടുത്തി.
 

ആഗ്ര: മോചനദ്രവ്യമാവശ്യപ്പെട്ട് വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കൂട്ടത്തില്‍ സംസ്കരിച്ചു. 23കാരനായ സച്ചിന്‍ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോള്‍ഡ് സ്‌റ്റോറേജ് ഉടമയുടെ മകനെയാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി രണ്ട് കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ കാറിനുള്ളില്‍വെച്ച് 23കാരനായ യുവാവിനെ കൊലപ്പെടുത്തി. മൃതദേഹം ബാഗിനുള്ളിലാക്കി പിപിഇ കിറ്റ് ധരിച്ച് ശ്മശാനത്തിലെത്തിച്ച് കൊവിഡ് രോഗിയുടേതെന്ന വ്യാജേന സംസ്‌കരിച്ചു. കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വൈകുന്നേരം നടക്കാനിറങ്ങിയ സച്ചിനെ എട്ടുദിവസം മുമ്പാണ് കാണാതായത്. മകനെ കാണാതായതോടെ പിതാവ് സുരേഷ് ചൗഹാന്‍ പൊലീസില്‍ പരാതി നല്‍കി. 

 പിന്നീട് പ്രതികള്‍ കുടുംബത്തോട് രണ്ട് കോടി രൂപ മോചനദ്രവ്യമാവശ്യപ്പെട്ട് ഫോണ്‍ ചെയ്തു. കേസ് അന്വേഷിച്ച പൊലീസിനും ഫോണ്‍കോള്‍ ലഭിച്ചു. സംഭവത്തില്‍ ഹാപ്പി കൃഷ്ണ എന്നയാളെ ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്‌തെന്ന് അന്വേഷണ തലവന്‍ ഹുകും സിങ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്. സുമിത് അശ്വനി, മനോജ് ബന്‍സാല്‍, റിങ്കു എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍.

കേസിലെ മറ്റൊരു പ്രതിയായ  ഹര്‍ഷ് ചൗഹാന്‍ എന്നയാളുമായി സുരേഷ് ചൗഹാനും മകന്‍ സച്ചിന്‍ ചൗഹാനും ബിസിനസ് ബന്ധമുണ്ടായിരുന്നു. ഹര്‍ഷ് ചൗഹാന് കൊവിഡ് പ്രതിസന്ധിമൂലം കനത്ത നഷ്ടമുണ്ടായി. സുമിത് അശ്വനി ഹര്‍ഷ് ചൗഹാന് 40 ലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നു. ഈ പണം ലഭിക്കാന്‍ ഹര്‍ഷ് ചൗഹാനാണ് പദ്ധതി ആസൂത്രണം ചെയ്തത്.

സച്ചിനെ തട്ടിക്കൊണ്ടുപോയി ലഭിക്കുന്ന രണ്ട് കോടിയില്‍ ഒരുകോടി മധ്യസ്ഥത വഹിക്കുന്ന തനിക്കും ബാക്കി ഒരുകോടി സുമിതിനും നല്‍കാമെന്നായിരുന്നു വാഗ്ദാനം. പദ്ധതി നടപ്പാക്കാനായി മറ്റ് പ്രതികളെയും ഒപ്പം കൂട്ടി. എന്നാല്‍, ഇടപാടിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് സുരേഷ് ചൗഹാന്‍ പൊലീസിനെ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!