കൊവിഡ് പടരാന്‍ കാരണം നിസാമുദ്ദീന്‍ മതസമ്മേളനമെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു

By Web TeamFirst Published Apr 5, 2020, 4:23 PM IST
Highlights

വിവിധ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ളിലേക്ക് കൊവിഡ് 19 പടര്‍ന്നതിന് കാരണം നിസാമുദ്ദീന്‍ മതസമ്മേളനമാണെന്നാണ് ഇയാള്‍ ചായക്കടയില്‍ വച്ച് ആരോപിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ലക്‌നൗ: നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് ഇന്ത്യയില്‍ കൊവിഡ് 19 പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. വീടിന് സമീപമുള്ള ചായക്കടയില്‍ വച്ചാണ് കൊലപാതകം നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് ആളുകളിലേക്ക് കൊവിഡ് 19 പടര്‍ന്നതിന് കാരണം നിസാമുദ്ദീന്‍ മതസമ്മേളനമാണെന്നാണ് ഇയാള്‍ ചായക്കടയില്‍ വച്ച് ആരോപിക്കുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ അവിടെയുണ്ടായിരുന്ന മറ്റൊരാള്‍ എതിര്‍പ്പുമായി എത്തി. ഇരുവരും പരസ്പരം വാക്കുത്തര്‍ക്കത്തിലായി. തുടര്‍ന്ന് നടന്ന വെടിവെയ്പ്പിലാണ് നിസാമുദ്ദീന്‍ മതസമ്മേളനത്തെ കുറ്റപ്പെടുത്തിയ ആള്‍ മരിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും ഈ സംഭവത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും പ്രയാഗ് രാജ് എസ് എസ് പി അറിയിച്ചു.

മരിച്ചയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഉത്തര്‍പ്രദേശില്‍ തന്നെ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പത്തൊമ്പതുകാരന്‍ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയില്‍ സലര്‍പൂരില്‍ കണ്ടെത്തിയത്.

നലന്ദ വിഹാര്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരിച്ച കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യം ചെയ്യലില്‍ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് സമ്മതിച്ചിരുന്നു.

click me!