കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്
തിരുവനന്തപുരം: കിളിമാനൂർ തൊളിക്കുഴിയിൽ നിന്നും കാറിൽ കടത്തിയ 45 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ. കാറിനുളളിൽ ചാക്കിൽ ചെറിയ കഷണങ്ങളായി മുറിച്ച നിലയിലായിരുന്നു ചന്ദനത്തടി കണ്ടെത്തിയത്. ഇട്ടിവ മണൽവെട്ടം കോഴിയോട് കളിയിലിൽ വീട്ടിൽ നവാസ് (45),ചിറയിൻകീഴ് മുദാക്കൽ ഊരുപൊയ്ക പ്രമീളാലയത്തിൽ പ്രമോദ് (50) എന്നിവരാണ് പിടിയിലായത്. ഇവർചന്ദനം കടത്താൻ ഉപയോഗിച്ച KL 16 F 4348 നമ്പർ മാരുതി ആൾട്ടോ കാറും പിടികൂടി. ചന്ദനം പ്രമോദിന് വിറ്റ പെരിങ്ങാവ് സ്വദേശി നജാം, ഇടനിലക്കാരനായ കാഞ്ഞിരത്തുംമൂട് സ്വദേശി വിഷ്ണു എന്നിവർ ഒളിവിലാണ്. നജാമിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ രണ്ടു ചാക്കുകളിലാക്കി കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന ചന്ദനം കാറിൽ കയറ്റി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി, പള്ളിക്കൽ, കിളിമാനൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ചന്ദന കള്ളക്കടത്ത് വ്യാപകമാണ്. ഇവിടം കേന്ദ്രീകരിച്ച് 5 കേസുകളിലായി 10 പേരെ വനം വകുപ്പ് പിടികൂടിയിട്ടുണ്ട്. പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ്, ഷിബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ നജിം, നാഗരാജ്, രാജേഷ്, സൂര്യ, ദേവിക എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു.


