യുപിയില്‍ ദലിത് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, നില ഗുരുതരം

By Web TeamFirst Published Sep 26, 2020, 10:14 PM IST
Highlights

തുടക്കത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും വിവാദമായതിനെ തുടര്‍ന്നാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കുടുംബം ആരോപിച്ചു.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 20കാരിയായ ദലിത് യുവതി കൂട്ടബലാത്സംഗത്തിനിരയായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പടിഞ്ഞാറന്‍ യുപിയിലെ ഹത്രാസിലാണ് സംഭവം. നാല് പേരാണ് സംഭവത്തിലെ പ്രതികളെന്നാണ് പ്രാഥമിക സൂചന. ഇവരെ എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശരീരമാസകലം പരിക്കേറ്റ യുവതിയുടെ നാവ് മുറിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

സെപ്റ്റംബര്‍ 14നാണ് സംഭവം നടന്നത്. തുടക്കത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും വിവാദമായതിനെ തുടര്‍ന്നാണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കുടുംബം ആരോപിച്ചു. സഹോദരനും അമ്മയുമൊപ്പം പാടത്ത് പുല്ല് ശേഖരിക്കാന്‍ പോയതായിരുന്നു യുവതി. സഹോദരന്‍ പുല്ലുമായി വീട്ടിലേക്ക് തിരിച്ചു. അമ്മ പുല്ല് ശേഖരിച്ച് കുറച്ച് ദൂരം മാറിയപ്പോള്‍ യുവതി ഒറ്റക്കായി. ഈ സമയമാണ് ക്രൂരത നടന്നതെന്നും ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കിയാണ് കൂട്ട ബലാത്സംഗം ചെയ്തതെന്നും കുടുംബം ആരോപിച്ചു.

മകളെ കാണാതായതോടെ അമ്മ നടത്തിയ തിരച്ചിലിലാണ് യുവതി ബോധരഹിതയായി കിടക്കുന്നത് കണ്ടത്. പരാതി നല്‍കി ആദ്യ നാലഞ്ച് ദിവസം പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു. അതേസമയം, പരാതി ലഭിച്ചയുടന്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ എല്ലാവരെയും പിടികൂടിയെന്നും പൊലീസ് പറഞ്ഞു. കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റാന്‍ അപേക്ഷ നല്‍കുമെന്നും ഹത്രാസ് പൊലീസ് ഓഫിസര്‍ പ്രകാശ് കുമാര്‍ പറഞ്ഞു.
 

click me!