
മുംബൈ: കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ലോക്ക്ഡൗണിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളാണ് അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്.
മുംബൈയിലെ അന്ധേരിയിലാണ് സംഭവം.മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ബസിൽ കയറുമ്പോൾ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നില്ല. ഇത് കണ്ട് മാസ്ക് ധരിക്കാൻ കണ്ടക്ടർ ഇയാളോട് ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് കൊവിഡ് ഇല്ലെന്നായിരുന്നു ഇയാളുടെ വിശദീകരണം. വീണ്ടും മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.
മർദ്ദനത്തിൽ കണ്ടക്ടർക്ക് സാരമായി പരിക്കേറ്റു. ഭയന്ദറിൽ നിന്ന് അന്ധേരിയിലെ മരോലിലേക്കുള്ള ബസിലെ കണ്ടക്ടർ സൈനാഥ് ഖർപഡെയ്ക്കാണ് മർദ്ദനമേറ്റത്. ആക്രമണത്തിന് പിന്നാലെ യാത്രക്കാരൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് കണ്ടക്ടർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam