'കൂടുതൽ സ്വത്ത് ചോദിച്ചു, വഴക്കായി, വിവാഹമോചനം ഭയന്നു, ഒടുവിൽ കൊന്നു', സൂരജിന്‍റെ മൊഴി

By Web TeamFirst Published May 27, 2020, 10:39 AM IST
Highlights

ഉത്രയും സൂരജും തമ്മിൽ വഴക്കുണ്ടായിരുന്നു. ആ വഴക്ക് പല തവണ ആവർത്തിച്ചപ്പോൾ ഉത്രയുടെ കുടുംബം അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് പറഞ്ഞു. വിവാഹമോചനക്കേസ് നേരിടേണ്ടി വന്നാൽ സ്ത്രീധനം മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് ഭയന്നു സൂരജ്.

കൊല്ലം: ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്‍റെ വിശദമായ കുറ്റസമ്മതമൊഴി. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടിൽ വച്ച് കഴിഞ്ഞ ജനുവരിയിൽ വഴക്കുണ്ടായി. ഇതേത്തുടർന്ന്, ഉത്രയുടെ വീട്ടിൽ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛൻ പറഞ്ഞു. ഇതാണ് കൊലപാതകനീക്കത്തിലേക്ക് പോകാൻ സൂരജിനെ പ്രേരിപ്പിച്ചത്. 

2018- മാർച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്‍റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്‍റെ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കായ വിവരം അറിഞ്ഞ് അച്ഛൻ വിജയസേനനും സഹോദരപുത്രൻ ശ്യാമും സൂരജിന്‍റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്. ഉത്രയെ ഇങ്ങനെ ദ്രോഹിച്ചാൽ വിവാഹമോചനം തന്നേയ്ക്കാൻ അച്ഛനടക്കം പറയുകയും ചെയ്തു.

വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധനത്തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് മനസ്സിലായത്. 96 പവൻ, 5 ലക്ഷം രൂപ, കാർ, മൂന്നേകാൽ ലക്ഷം രൂപയുടെ പിക്കപ്പ് ഓട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കൾക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യിൽ നിന്ന് പോകും. ഇതോടെ അനുനയത്തിന്‍റെ പാതയിലായി സൂരജും കുടുംബവും. തുടർന്നാണ് ഉത്രയെ കൊല്ലാൻ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാൽ കുഞ്ഞിന്‍റെ പേരിലോ, സൂരജിന്‍റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കണക്കുകൂട്ടി. 

വിഷം ഉത്രയുടെ നാഡീവ്യൂഹത്തെ ബാധിച്ചു

ഉത്രയുടെ മരണം പാമ്പുകടിയേറ്റത് മൂലം തന്നെയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിഷാംശം നാഡിവ്യൂഹത്തിനെ ബാധിച്ചു എന്നും വ്യക്തമാക്കുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കിട്ടി. ഉത്രയുടെ ഇടത് കൈയ്യില്‍ രണ്ട് പ്രാവശ്യം പാമ്പ് കടിച്ചതായി പോസ്റ്റ്‍മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. വിഷം നാഡീവ്യൂഹത്തിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. മൂർഖന്‍പാമ്പിന്‍റെ കടിയേറ്റ് മരിച്ചു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് അന്വേഷണംസംഘം കൈപ്പറ്റിയത്. 

ഉത്രയുടെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഉത്രയുടെ മൃതദേഹം പോസ്റ്റ്‍മോർട്ടം നടത്തിയത്. പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും വിഷമേറ്റത് സ്ഥിരീകരിച്ചതോടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭ്യമായി. ഉത്രയെ കടിച്ചു എന്ന് സംശയിക്കുന്ന പാമ്പിന്‍റെ മാംസം, വിഷപ്പല്ലുകള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങൾ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയില്‍ രാസപരിശോധനക്കായി അയച്ചു. 

മുഖ്യപ്രതി സൂരജ് പൊലീസ് അന്വേഷണസംഘത്തിന്‍റെ പിടിയിലാകുന്ന ദിവസം തങ്ങിയിരുന്ന വീട്ടിലെ അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.

click me!