സനുമോഹന്റെ കിടപ്പുമുറിയിൽ രക്തം! ഫോറന്‍സിക് പരിശോധനക്ക് അയച്ചു

By Web TeamFirst Published Apr 2, 2021, 8:48 PM IST
Highlights

സനുമോഹന്‍റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി 12 ബാങ്കുകള്‍ക്ക് പൊലീസ് കത്തയച്ചു.

കൊച്ചി: തൃക്കാക്കരയിൽ നിന്ന് കാണാതായ ബിസിനസുകാരന്‍ സനുമോഹന്‍റെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തസാമ്പിള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചു. സനുമോഹന്‍റെ മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിനായി 12 ബാങ്കുകള്‍ക്ക് പൊലീസ് കത്തയച്ചു. അതിനിടെ ഓണ്‍ലൈൻ ചൂതാട്ടവും ലോട്ടറി ഭ്രാന്തുമാണ് ഇയാളുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. 

സനുമോഹന്‍റെ കൊച്ചി കങ്ങരപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പ് മുറിയില്‍ നിന്നാണ് രക്തതുള്ളികള്‍ ലഭിച്ചത്. ഇത് മനുഷ്യരക്തമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡിഎന്‍എ പരിശോധനക്കായി കാക്കനാട്ടെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. ഇത് ആരുടെ രക്തമാണെന്ന് തിരിച്ചറിയുകയാണ് ലക്ഷ്യം. എത്രയും വേഗം പരിശോധന ഫലം നല്‍കാന്‍ ലാബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

കാണാതായ ദിവസം പതിമൂന്നുകാരിയായ മകള്‍ വൈഗയെ തോളിലിട്ട് പുതപ്പ് കൊണ്ട് മൂടി സനുമോഹന്‍ പുറത്തേക്ക് കൊണ്ടു പോകുന്നത് കണ്ടതായി സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പിറ്റേദിവസം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ വൈഗയുടെ മൃതദേഹവും കണ്ടെത്തി. വീട്ടില്‍വെച്ച് മകളെ അപായപ്പെടുത്തിയ ശേഷംപുഴയില്‍ ഉപേക്ഷിച്ചതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 

ഭാര്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച ശേഷമാണ് സനുമോഹന്‍ മകളുമായി കെച്ചിയിലെത്തിയത്. കേസില്‍ നിര‍ണായക വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്ന സനുമോഹന്‍റെ സുഹൃത്തിനെ കണ്ടെത്താന്‍ പ്രത്യേക പെലീസ് സംഘം ചെന്നൈയില്‍ തുടരുകയാണ്  .തെരഞ്ഞെടുപ്പ്  തിരക്ക് മൂലം തമിഴ്നാട് പൊലീസിന്‍റെ സഹായം  കാര്യമായി ലഭിക്കാത്തത് അന്വേഷണത്തിന് തടസമാവുന്നുണ്ടെന്നാണ് വിവരം. 

സനുമോഹനെ കുറിച്ചും ഒരു വിവരവും ഇത് വരെ ലഭിച്ചിട്ടില്ല. ഇതിനിടെ സനുമോഹന്‍റെ  മുഴുവൻ സാമ്പത്തിക ഇടപാടുകളും കണ്ടെത്തുന്നതിന്  പൊലീസ് നടപടി തുടങ്ങി.  12  ബാങ്കുകള്‍ക്ക് ഇത് സംബന്ധിച്ച് പൊലീസ് കത്തയച്ചു. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി 11 ലക്ഷം രൂപ വായ്പെടുത്തതിന്‍റെ രേഖകള്‍ ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഭാര്യയുടെ പേരിലുള്ള ഫ്ലാറ്റ് സ്വകാര്യവ്യക്തിക്ക് പണയത്തിന് നൽകിയതിനെകുറിച്ചും അന്വേഷണം നടക്കുകയാണ്. ഫ്ലാറ്റിനുളളില്‍ നിന്നും ഭാര്യയുടെ സ്കൂട്ടറിന്‍റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്‍റെയും മറ്റുലോട്ടറികളുടെയും ശേഖരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിക്ക് ചൂതാട്ട ഭ്രാന്താണ് കാരണമെന്ന സംശയവും ഇതുയര്‍ത്തിയിട്ടുണ്ട്. 

click me!