വൈഗ കൊലക്കേസ്: പ്രതി സനു മോഹനെ ഗോവയിലെത്തിച്ചുള്ള തെളിവടുപ്പ് പൂർത്തിയാക്കി

By Web TeamFirst Published Apr 24, 2021, 7:49 PM IST
Highlights

വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണസംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. 

കൊച്ചി: വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിലെത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. അന്വേഷണസംഘം മൂകാംബികയിലേക്ക് പുറപ്പെട്ടു. കോയമ്പത്തൂർ, സേലം, ബെംഗളൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ  തെളിവെടുപ്പ് നടത്തിയിരുന്നു. 

കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്ങ്റെ മുംബെയിൽ നേരിട്ടെത്തി സനുമോഹന്‍റെ കടബാധ്യകളെ കുറിച്ച് വിശദമായി അന്വേഷിച്ചതിനാൽ നേരത്തെ നിശ്ചയിച്ച മുംബൈയിലെ തെളിവെടുപ്പ് ഒഴിവാക്കി. ഗോവയിലെ മുരുഡേശ്വറിലാണ് ഇന്ന് പ്രധാനമായും തെളിവെടുപ്പ് നടന്നത്. 

ഇവിടെവച്ച് ഉൾക്കടലിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്നും ലൈഫ് ഗാർഡ് വന്ന് രക്ഷിച്ചെന്നുമുള്ള സനു മോഹന്‍റെ മൊഴികൾ സത്യമാണോയെന്ന് പരിശോധിച്ചു. ഗോവയിൽ സനു മോഹൻ സ്ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടന്നു. ഇവിടെ സനുമോഹന്  അടുത്ത സുഹൃത്തുക്കളുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. 

മൂകാംബികയിൽ ഒളിവിൽ കഴിഞ്ഞിരുന്ന കൊല്ലൂരിലെ ഹോട്ടലിലും സനുമോഹനെ പിടികൂടാനായ കാർവാർ ബീച്ചിലുമാണ് നാളെ തെളിവെടുപ്പ് നടക്കുക. കൊച്ചിയിൽ തിരിച്ചെത്തിയാൽ സനുമോഹനെ ഭാര്യക്കൊപ്പം നിർത്തി വീണ്ടും വിശദമായി ചോദ്യം ചെയ്യും. ഈ മാസം 29നാണ് സനുമോഹന്‍റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.

click me!