കേരളത്തിലുണ്ടാക്കിയ പച്ചക്കറികള്‍ തമിഴ്നാട്ടിലേക്ക് കടത്തി തിരിച്ചെത്തിച്ച് കൊള്ളവിലയ്ക്ക് വില്‍പ്പന

By Web TeamFirst Published Apr 5, 2020, 1:30 AM IST
Highlights

ലോക്ക്ഡൗണിന്‍റെ മറവിൽ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികൾ ഇടനിലക്കാർ തമിഴ്നാട്ടിലേക്ക് കടത്തി തിരികെ കേരളത്തിൽ എത്തിച്ച് മൂന്നിരട്ടി വിലയ്ക്ക് വിൽക്കുന്നു.

തിരുവനന്തപുരം: ലോക്ക്ഡൗണിന്‍റെ മറവിൽ സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികൾ ഇടനിലക്കാർ തമിഴ്നാട്ടിലേക്ക് കടത്തി തിരികെ കേരളത്തിൽ എത്തിച്ച് മൂന്നിരട്ടി വിലയ്ക്ക് വിൽക്കുന്നു. ഹോർട്ടികോർ‍പ്പ് പച്ചക്കറി സംഭരിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഇടുക്കിയിലെ കാന്തല്ലൂർ, കീഴാന്തൂർ, ആടിവയൽ തുടങ്ങിയ ഗ്രാമങ്ങളിലെ കർഷകർ ഏക്കറ് കണക്കിന് ഇടങ്ങളിലാണ് ശീതകാല പച്ചക്കറികളായ കാബേജും, ബീൻസും കൃഷി ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണായതോടെ ചരക്ക് വണ്ടികൾ വരാതായി. പച്ചക്കറി എടുക്കാൻ ആളില്ല. ഈ സാഹചര്യം മുതലെടുത്താണ് ഇടനിലക്കാരുടെ ചൂഷണം. നിസാര വിലയ്ക്ക് കർഷകരിൽ നിന്നെടുക്കുന്ന പച്ചക്കറികൾ നേരെ തമിഴ്നാട്ടിലെ മധുരയിലേക്ക്. തുടർന്ന് തമിഴ്നാടൻ പച്ചക്കറി എന്ന പേരിൽ അതിർത്തി കടന്ന് വീണ്ടും വിൽപ്പനയ്ക്കായി കേരളത്തിലേക്ക്.

ഓണം, വിഷു പോലുള്ള ഉത്സവ സീസണുകൾ മേഖലയിൽ നിന്ന് സർക്കാർ ഏജൻസികൾ കാര്യമായി പച്ചക്കറി സംഭരിക്കാറുണ്ട്. സമാനമായി ലോക്ക്ഡൗൺ പ്രതിസന്ധിക്കാലത്തും പച്ചക്കറി സംഭരണം നടത്തണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ പ്രദേശത്ത് നിന്ന് പരാമവധി പച്ചക്കറി വാങ്ങുന്നുണ്ടെന്നും ഇടനിലക്കാർ വിളവെടുക്കുന്നതിന് മുമ്പു തന്നെ കർഷകർക്ക് മുൻകൂട്ടി വില നൽകി ഏറ്റെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ഹോർട്ടികോർപ്പിന്‍റെ മറുപടി. 

click me!