മീന്‍ ലോറി തടഞ്ഞു, ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; ഹെല്‍ത്ത് ഇന്‍സ്പെക്ടറെയും സംഘത്തെയും സിസിടിവി കുടുക്കി

By Web TeamFirst Published Sep 10, 2020, 1:04 AM IST
Highlights

കേടുവന്നവയെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തി 75000 രൂപയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറും സംഘവും കൈക്കൂലി വാങ്ങിയത്.

ആലപ്പുഴ: ദേശീയപാതയിലെ കൊവിഡ് പരിശോധനാ ചെക്ക് പോസ്റ്റിൽ ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ മീന്‍ കയറ്റി വന്ന ലോറി തടഞ്ഞുനിർത്തി 75,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെ എട്ട് ഉദ്യോഗസ്ഥരെ വിജിലൻസ് കുടുക്കി. കേടുവന്നവയെന്ന് വരുത്തി തീർത്ത് ടൺ കണക്കിന് മത്സ്യം നശിപ്പിച്ചു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്. മത്സ്യ മൊത്ത വ്യാപാരിയുമായി ചേർന്നുള്ള തന്ത്രപരമായ നീക്കത്തിലൂടെയാണ് വിജിലിൻസ് സംഘം പ്രതികളെ കുടുക്കിയത്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്.

കഴിഞ്ഞ മേയ് പത്താം തീയതി കായംകുളം കൃഷ്ണപുരത്താണ് കേസിന് ആസ്പദമായ സംഭവം.  കർണ്ണാടകയിൽ നിന്നും കളിയാക്കാവിളയിലേക്ക് മത്സ്യവുമായി എത്തിയ ലോറി കൃഷ്ണപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാനവാസും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന്   തടഞ്ഞുനിർത്തി. ലോറി ചെക്ക് പോസ്റ്റ് കടത്തിവിടാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ പഴകിയ മീൻ എന്ന് റിപ്പോർട്ട് നൽകി തുടർനടപടിയെടുക്കുമെന്നായിരുന്നു ഭീഷണി. 

ലോറി ഡ്രൈവർ ഉടൻ കർണ്ണാടകയിലെ ഉടമയെ വിളിച്ചു. അയാൾ കായകുളത്തെ മത്സ്യമൊത്ത വ്യാപാരി താജുദീനെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു. മത്സ്യം കേടുവന്നതല്ലെന്നും പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന് താജുദ്ദീനെ ഒഴിവാക്കി മറ്റ് ഇടനിലക്കാർ വഴി ഉദ്യോഗസ്ഥർ എഴുപത്തി അയ്യായിരം രൂപ കൈക്കൂലി വാങ്ങി ലോറി വിട്ടയച്ചു. 

ഈ വിവരം താജുദ്ദീനാണ് വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞതോടെ പണം തിരികെ നൽകി ഒത്തുതീര്‍പ്പിന് ഉദ്യോഗസ്ഥർ മുന്നോട്ട് വന്നു. വിജിലൻസ് നിർദേശാനുസരണം ഉദ്യോഗസ്ഥരെ കായകുളത്തെ വീട്ടിൽ താജുദ്ദീൻ വിളിച്ചുവരുത്തി. കൈക്കൂലി ഉദ്യോഗസ്ഥർ തിരികെ നൽകുന്ന സിസിടിവി ദൃശ്യങ്ങളടക്കം വിജിലൻസിന് കിട്ടി.

സംഭവത്തില്‍ കൃഷ്ണപുരം ഹെൽത്ത് ഇൻസ്പെകടർ ഷാനവാസ് ഉൾപ്പെടെ എട്ടു പേരെ പ്രതിചേർത്ത് വിജിലൻസ് ഉടൻ കുറ്റപത്രം നൽകും. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ അറസ്റ്റ് ഒഴിവാക്കി. കൈക്കൂലി വാങ്ങിയ 75000 രൂപയും കോടതിയിൽ ഹാജരാക്കും. കോട്ടയം വിജിലൻസ് റേഞ്ച് എസ്പി വി.ജി. വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്.
 

click me!