വിനായകന്റെ ആത്മഹത്യ: പൊലീസുകാർക്കെതിരെ കുറ്റപത്രം

By Web TeamFirst Published Nov 12, 2019, 10:45 PM IST
Highlights
  • പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പരാതി
  • മരണത്തെക്കുറിച്ച് പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും പൊലീസുകാർ കുറ്റക്കാരല്ലെന്നായിരുന്നു കണ്ടെത്തൽ

തൃശൂര്‍: ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മര്‍ദനത്തിൽ മനംനൊന്ത് ദളിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. പൊലീസുകാരായ സാജൻ, ശ്രീജിത് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

വിനായകൻ 2017 ജൂലായ് 18നാണ് ജീവനൊടുക്കിയത്. പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പരാതി. ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്‌പി ഉല്ലാസിൻറെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരായ സാജൻ, ശ്രീജിത് എന്നിവരുടെ പങ്കിനെ കുറിച്ച് വ്യക്തമായി.

ഇരുവരും പാവറട്ടി സ്റ്റേഷനില്‍ വെച്ച് വിനായകനെ ക്രൂരമായി മർദ്ദിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.വിനായകന് ജനനേന്ദ്രിയത്തിൽ ഉള്‍പ്പെട മര്‍ദ്ദനമേറ്റിരുന്നു. വിനായകനെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അന്യായമായി തടങ്കലില്‍ വെക്കല്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകളും പൊലീസുകാര്‍ക്കതിരെ ചുമത്തിയിട്ടുണ്ട്. 
തൃശൂര്‍ ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മരണത്തെക്കുറിച്ച് പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജൻ, ശ്രീജിത് എന്നീ പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കുടുംബത്തിൻറെ പരാതിയെ തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്‌പി ഉല്ലാസിനെ എല്‍പ്പിക്കുകയായിരുന്നു.

click me!