'കിരൺ വീട്ടിലെത്തി ആക്രമിച്ച കേസ് റീ ഓപ്പൺ ചെയ്യണം', വിസ്മയയുടെ കുടുംബം

By Web TeamFirst Published Jun 23, 2021, 10:28 AM IST
Highlights

ജനുവരിയിലാണ് വിസ്മയയുടെ വീട്ടിലെത്തി ഭർത്താവ് കിരൺ കുമാർ അച്ഛനെയും സഹോദരൻ വിജിത്തിനെയും അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെയും മർദ്ദിച്ചത്. അന്ന് കേസ് ഒത്തുതീർപ്പാവുകയായിരുന്നു. 

കൊല്ലം: ഈ വർഷം ജനുവരിയിൽ വിസ്മയയുടെ വീട്ടിലെത്തി ഭർത്താവായ കിരൺ കുമാർ അച്ഛനെയും സഹോദരനെയും മർദ്ദിച്ച കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഇന്ന് കൊല്ലത്തെ വീട്ടിലെത്തുന്ന ഐജി ഹർഷിത അട്ടല്ലൂരിയോട് ആവശ്യപ്പെടുമെന്ന് വിസ്മയയുടെ കുടുംബം. വിസ്മയ ആത്മഹത്യ ചെയ്തതല്ല, കൊന്നതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുടുംബം. ജനുവരിയിൽ മദ്യപിച്ച് വിസ്മയയുടെ വീട്ടിലെത്തിയ കിരൺ കുമാർ, അച്ഛനെയും സഹോദരൻ വിജിത്തിനെയും മർദ്ദിക്കുകയും ഇത് അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ കിരൺ ജോലി ചെയ്തിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെത്തുടർന്നാണ് അന്ന് കേസിൽ നിന്ന് പുറകോട്ട് പോയതെന്ന് വിസ്മയയുടെ അച്ഛൻ പറയുന്നു. അന്ന് കേസ് ഒത്തുതീർപ്പിലെത്തുകയായിരുന്നു. ഒത്തുതീ‍ർപ്പായെങ്കിലും കിരണിനെ വിളിച്ച് ശകാരിച്ചാണ് എസ്ഐ പറഞ്ഞയച്ചത്. ഇനിയൊരു നിയമലംഘനമുണ്ടായാൽ വെറുതെ വിടില്ലെന്ന് എസ്ഐ പറഞ്ഞാണ് വിട്ടതെന്നും വിസ്മയയുടെ അച്ഛൻ പറയുന്നു. ഇനി ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും, കേസ് വീണ്ടും അന്വേഷിച്ചേ മതിയാകൂ എന്നും കുടുംബം പറയുന്നു. 

വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്ന പശ്ചാത്തലത്തിൽ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് നിർണായകമാണ്. ഇന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിക്കുമെന്നാണ് സൂചനകൾ. ഇൻക്വസ്റ്റ് കോപ്പിയും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടും നൽകണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

അതേസമയം, കേസിന്‍റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന ഐജി ഹർഷിത അട്ടല്ലൂരി 'നമസ്തേ കേരള'ത്തിൽ പറഞ്ഞു. വളരെ നിർഭാഗ്യകരമായ കേസാണിത്. ഏത് പെൺകുട്ടിക്കും, ഗാർഹികപീഡനം നേരിട്ടാൽ വിളിച്ച് പറയാനും പരിഹാരമുണ്ടാക്കാനും കേരളത്തിൽ സംവിധാനമുണ്ട്. പുതിയ ഹെൽപ് ലൈൻ നമ്പറുകൾ ഇന്ന് നിലവിൽ വരുമെന്നും ഐജി വ്യക്തമാക്കി:

ഐജിയുമായുള്ള അഭിമുഖം കാണാം:

click me!