വിതുര കേസ്: ഒന്നാം പ്രതി സുരേഷ് പിടിയില്‍; ഇപ്പോഴും ഇടപാടുകള്‍ തുടരുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Jun 15, 2019, 7:19 PM IST
Highlights

പ്രതിയുടെ മൊബൈൽ ഫോണിന്‍റെ ടവർ പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് ഹൈദരാബാദിൽ നിന്നും ഇയാളെ പിടികൂടിയത്

കൊച്ചി: ഹൈദരാബാദില്‍ നിന്നും പിടികൂടിയ വിതുര പെൺവാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് ഇപ്പോഴും വൻകിട പെൺവാണിഭം നടത്തുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാൾ  പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. സുരേഷിനെ ഇരുപത്തിയൊന്ന് കേസുകളിൽ കോടതി  പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലം കടയ്ക്കൽ സ്വദേശിയായ സുരേഷ്. 1996ൽ സംഭവം നടന്നതിന് ശേഷം ഒളിവിലായിരുന്ന ഇയാൾ കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തിൽ പതിനെട്ട് വർഷത്തിന് ശേഷം 2014ൽ കീഴടങ്ങിയിരുന്നു.  

ഒരു വർഷം ജയിൽവാസം അനുഭവിച്ച സുരേഷ് ജാമ്യത്തിലിറങ്ങി. എന്നാൽ, രണ്ട് മാസം മുമ്പ് കേസിന്‍റെ വിചാരണ വേളയിൽ ഇയാളെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു. തുടർന്ന്, വീണ്ടും ഒളിവിൽ പോകുകയായിരുന്നു.

പ്രതിയുടെ മൊബൈൽ ഫോണിന്‍റെ ടവർ പരിശോധിച്ചാണ് ക്രൈംബ്രാഞ്ച് ഹൈദരാബാദിൽ നിന്നും ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയെന്നതാണ് സുരേഷിനെതിരെയുള്ള കേസ്. വിതുര സ്വദേശിയായ പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. 

വിതുര കേസുമായി ബന്ധപ്പെട്ട ഇരുപ്പത്തിയൊന്ന് കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. സുരേഷിന് ബോംബെ ഹൈദരബാദ് എന്നിവിടങ്ങളിൽ വീടുകളുണ്ടെന്നും ഇപ്പോഴും വൻകിട പെൺവാണിഭം നടത്തുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.

click me!