മദ്യത്തില്‍ തേനൊഴിച്ച് കുടിച്ചാല്‍ കൊറോണയെ പേടിക്കേണ്ടെന്ന് ടിക്ടോക് വീഡിയോ: പ്രമുഖ വ്ലോഗര്‍ അറസ്റ്റിൽ

By Web TeamFirst Published Mar 18, 2020, 4:42 PM IST
Highlights

 മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുകയും മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. 

തിരുവനന്തപുരം: കൊവിഡ് 19 വൈറസിനെതിരെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മദ്യപാനം നല്ലതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് പ്രമുഖ വ്ലോഗര്‍ അറസ്റ്റില്‍. വ്ലോഗറും മാധ്യമപ്രവര്‍ത്തകനുമായ തിരുവനന്തപുരം കരുമം ഇടഗ്രാമം സ്വദേശിയായ മുകേഷ് എം നായരെയാണ് നേമം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ടിക് ടോക്ക് അടക്കമുള്ള സാമൂഹ മാധ്യമങ്ങളിലൂടെയാണ് ഇയാള്‍ വ്യാജ പ്രചാരണം നടത്തിയത്. 

കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള പൊടിക്കൈ എന്നായിരുന്നു അവകാശവാദം. മദ്യത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് കഴിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് പറയുകയും മദ്യപിക്കുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. വീഡിയോ പൊലിസിന്റെ ശ്രദ്ധയില്‍പ്പെടുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുകേഷിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ ഒരു മാസം മുമ്പ് തമാശ  ആയി ചെയ്ത വീഡിയോ ഇപ്പോള്‍ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മുകേഷിന്‍റെ സുഹൃത്ത് പ്രതികരിച്ചത്. ''അത് കുറേ നാള്‍ മുമ്പ് ചെയ്ത വീഡിയോ ആണ്. ഏത് കൊറോണ വന്നാലും ഇവനകത്തായാല്‍ ഓടും എന്ന് തമാശ രൂപേണ പറഞ്ഞതാണ്''. വ്ലോഗ് രൂപേണ ചെയ്ത വീഡിയോ ദിവസങ്ങള്‍ക്ക്  ശേഷം ആരോ ഡൗണ്‍ലോഡ് ചെയ്ത് തെറ്റായ തലക്കെട്ടോടെ പ്രചരിപ്പിക്കുകയായിരുന്നു. സംഭവത്തില്‍  ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷിന്‍റെ സുഹൃത്ത് പ്രതികരിച്ചു.

click me!