
പാലക്കാട്: വാളയാർ പോരാട്ടം ഇനിയും തുടരാൻ ആവേശം നൽകുന്ന വിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുന്നുണ്ടായതെന്ന് വാളയാർ നീതിസമരസമിതി. കേരളസമൂഹത്തിന്റെ പിന്തുണയോടെ വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിയ സമരത്തിന്റെ വിജയമാണ് ഒന്നാം ഘട്ടത്തിലുണ്ടായ ഈ ഹൈക്കോടതി വിധി.
രണ്ട് ദലിത് പെൺകുട്ടികൾ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട്, കൊലചെയ്യപ്പെട്ട കേസിൽ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം കേരളത്തെ ഞെട്ടിച്ചുകളഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും അവരെ പ്രേരിപ്പിച്ച രാഷ്ട്രീയ നേതാക്കളും നേടിയ വിജയമായിരുന്നു അത്. ആ വിധി ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെ സ്വാഗതം ചെയ്യുന്നു.
കേസിൽ തീർത്തും പുതിയ അന്വേഷണം നടക്കണം. കൊലക്കുറ്റം ഉൾപ്പെടെ ചേർത്ത് കുറ്റപത്രം ഉണ്ടാകണം. അതിന്റെ തെളിവുകൾ ശേഖരിക്കണം. സാക്ഷികളെ ചേർക്കണം.അത് സാധ്യമാണെന്ന് ഹൈക്കോടതി വിധി പറയുന്നു. വിചാരണക്കോടതിയിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ മാതാപിതാക്കളും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് അദ്ദേഹം പാലിക്കണം എന്നും സമിതി ആവശ്യപ്പെട്ടു.
കോടതി വിധിയിൽ തന്നെ അട്ടിമറിച്ച കേസെന്നു കണ്ടെത്തിയിട്ടും പ്രധാന അന്വേഷണ ഉദ്യോഗസ്ഥനായ സോജൻ അടക്കമുള്ളവരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ അപ്പീലിലും സർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത് സോജൻ തന്നെയായിരുന്നു എന്നതിനാൽ തന്നെ സോജൻ തെറ്റുകാരൻ അല്ലെന്ന മുൻവിധിയാണ് സർക്കാരിനുള്ളത്.
ഈ പെൺകുട്ടികളെ സംബന്ധിച്ച് വളരെ മോശമായ രീതിയിൽ പ്രതികരിച്ച സോജനെതിരെ പോക്സോ, എസ്സിഎസ്ടി ക്കെതിരായ അതിക്രമം തടയൽ തുടങ്ങിയ നിയമങ്ങൾ അനുസരിച്ചു കേസെടുക്കണം. ഇതിനായി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നു സമരസമിതി അറിയിച്ചു.
കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായ ശിശുക്ഷേമസമിതി അധ്യക്ഷനായിരുന്ന വ്യക്തി ഭരണ'കക്ഷിയുടെ സ്വാധീനമുള്ള നേതാവാണ്. പോക്സോ കേസുകളിൽ ഇപ്പോഴും പ്രതികൾക്ക് വേണ്ടി നിലകൊള്ളുന്ന ദേഹത്തിനു ഈ കേസ് അട്ടിമറിയിൽ ഉള്ള പങ്കും അന്വേഷണ വിധേയമാക്കണം.
കേസിൽ വേണ്ട രീതിയിൽ ഇടപെട്ടില്ല എന്ന് സർക്കാർ തന്നെ സമ്മതിച്ച യുഡിഎഫ് കാലത്തു നിയോഗിച്ച പോക്സോ പ്രത്യക പ്രോസിക്യൂട്ടർ കോടതി വിധി വഴി പുറത്തായിട്ടും അവർക്കു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക ഇടപെടൽ വഴി പുനർനിയമനം കിട്ടിയതും ഇടതുപക്ഷസർക്കാർ നിയമിച്ച പ്രോസിക്യൂട്ടർ പുറത്തായതും ആരുടെ രാഷ്ട്രീയ താൽപര്യപ്രകാരം ആയിരുന്നു എന്നും കണ്ടെത്തണം.
ഇതിനെല്ലാം സംസ്ഥാന പൊലീസിന് പുറത്തുള്ള ഏജൻസി തന്നെ അന്വേഷിക്കണം.
മൂത്തകുട്ടി കൊല്ലപ്പെട്ടു നാല് വര്ഷം തികയുന്ന 2021 ജനുവരി 13 നു വാളയാർ അട്ടപ്പള്ളത്ത് വീട്ടിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഭാവി സമരപരിപാടികൾ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതാണെന്നും സമിതി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam