പൊന്നാനിയിൽ അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെടുത്തു

By Web TeamFirst Published May 27, 2020, 12:29 AM IST
Highlights

നേരത്തെ ഈ മേഖലയിൽ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ച് വച്ചതാകാമെന്നാമ് പ്രാഥമിക നിഗമനം.

പൊന്നാനി: മലപ്പുറം കോട്ടത്തറ കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം തലപ്പിൽ ഫുട്പാത്തിലെ കലുങ്കിനടിയിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. പതിനാല് വടിവാളുകളാണ് ശുചീകരണ തൊഴിലാളികൾ കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികൾ ജോലിക്കിടെയാണ് ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകൾ കണ്ടെത്തിയത്.

രണ്ട് വർഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ലഭിച്ചത്. ഇവ തുരുമ്പെടുത്ത നിലയിലാണ്. നേരത്തെ ഈ മേഖലയിൽ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങൾ ഒളിപ്പിച്ച് വച്ചതാകാമെന്നും സംശയിക്കുന്നു. പൊതുവിൽ സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മന:പൂർവം കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്ന് കൗൺസിലർ ടി മുഹമ്മദ് ബഷീർ പറഞ്ഞു.

പൊലീസ് സ്ഥലത്തെത്തി വാളുകൾ കണ്ടെടുത്തു.  പ്രദേശത്ത് ആദ്യമായാണ് ഇത്തരത്തിൽ ആയുധശേഖരം കണ്ടെത്തുന്നത്. അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊന്നാനി പൊലീസ് അറിയിച്ചു.

click me!