വീവേഴ്‌സ് വില്ലേജിലെ കഞ്ചാവ് കേസ്; വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഉടമയെ കുടുക്കാനുള്ള നീക്കമെന്ന് ക്രൈംബ്രാഞ്ച്

By Web TeamFirst Published Jun 26, 2021, 9:11 AM IST
Highlights

തിരുവനന്തപുരത്തെ വസ്ത്രനിര്‍മാണ സ്ഥാപനത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചതില്‍ വന്‍ വഴിത്തിരിവ്. സ്ഥാപനയുടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്താണ് കഞ്ചാവ് കൊണ്ട് വെച്ചതെന്ന് ക്രൈംബ്രാഞ്ച്. പകപോക്കല്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്തമായ വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ വീവേഴ്‌സ് വില്ലേജില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ സ്ഥാപനത്തിന്റെ ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്താണ് കഞ്ചാവ് കൊണ്ട് വെച്ചതിന് പിന്നിലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. കഞ്ചാവ് കണ്ടെത്തിയതിന്റെ പേരില്‍ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തതോടെ താന്‍ അനുഭവിച്ചത് വലിയ മാനസിക പീഡനമാണെന്ന് യുവ സംരഭക ശോഭാ വിശ്വനാഥ് പറഞ്ഞു.

കഴിഞ്ഞ ജനുവരി 31നാണ് വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജില്‍ നിന്നും നര്‍ക്കോട്ടികെ വിഭാഗം 850 ഗ്രാം കഞ്ചാവ് പിടിക്കുന്നത്. അന്ന് അറസ്റ്റ് ചെയ്ത ശോഭയെ താമസിക്കുന്ന ഫ്‌ലാറ്റിലടക്കം നിരവധി സ്ഥലങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോയി. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചതും സംരഭക പിടിയിലാതും വലിയ ഞെട്ടലാണുണ്ടാക്കിയ വാര്‍ത്തായായിരുന്നു. സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശോഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതോടെയാണ് കഥമാറുന്നത്. 

മുഖ്യമന്ത്രി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ഉണ്ടായത് സിനിമാക്കഥയെ വെല്ലുന്ന വഴിത്തിരിവ്. ശോഭയുടെ സുഹൃത്തും നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷാണ് പിന്നിലെന്നാണ് തെളിഞ്ഞു. സാമ്പത്തിക ക്രമക്കേടിന് വീവേഴ്‌സ വില്ലേജില്‍ നിന്നും പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി. സ്ഥാപനത്തിലെ ഒരു ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത്. ഇക്കാര്യം വിവേക് രാജ് തന്നെ ക്രൈം ബ്രാഞ്ചിനോട് സമ്മതിച്ചു. കഞ്ചാവ് കൊണ്ടുവച്ച ശേഷം വീവേഴ്‌സ വില്ലേജില്‍ ലഹരി വില്‍പന ഉണ്ടെന്ന കാര്യം ഹരീഷ് തന്നെയാണ് പൊലീസിനെ അറിയിച്ചെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്‌ഐആര്‍ കോടതിയില്‍ നല്‍കിയ ക്രൈംബ്രാഞ്ച്് ശോഭക്കെതിരായ കേസ് റദ്ദാക്കി. വിവേക് അറസ്റ്റിലായെങ്കിലും മുഖ്യ ആസൂത്രകന്‍ ഹരീഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. ഹരീഷ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ജാമ്യം ലഭിച്ചാല്‍ യുകെ പൗരത്വമുള്ള ഹരീഷ് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ശോഭ പറയുന്നു. അന്വേഷണം തുടരുകയാണെന്നും ഹരീഷിനെ സഹായിച്ച ഇനിയും ആള്‍ക്കാരെ അറസ്റ്റ് ചെയ്യേണ്ടതുണ്ടെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അമ്മിണികുട്ടന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ ചുമതലകളുള്ളതുകൊണ്ടാണ് ചെറിയ കാലതമാസുണ്ടായതെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!