
മലപ്പുറം: പബ്‌ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട് സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് കണ്ടെത്തി. മലപ്പുറം സ്വദേശിയായ മൂന്ന് മക്കളുടെ അമ്മയെ ആണ് പത്തു മാസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ മലപ്പുറം താനൂർ പൊലീസിൽ നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ യുവതി തമിഴ്‌നാട്ടിലേക്ക് കടന്നെന്നു പൊലീസ് കണ്ടെത്തി. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കിയത് അന്വേഷണം വഴിമുട്ടിച്ചു. യുവതിയുടെ തമിഴ്നാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇരുവരും ആണ്ടിപ്പട്ടി എന്ന സ്ഥലത്ത് ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു.
Read More : ഓൺലൈൻ ചൂതാട്ടത്തിൽ പത്ത് ലക്ഷം പോയി, യുവതി ജീവനൊടുക്കി
യുവതി പബ്‌ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പബ്‌ജി വഴിയാണ് തമിഴ്‌നാട് സ്വദേശിയായ യുവാവുമായി അടുക്കുന്നത്. നേരത്തെയും ഒരുതവണ സമാന രീതിയിൽ ഒളിച്ചോടിപ്പോയ യുവതിയെ പൊലീസ് തിരിച്ചെത്തിക്കുകയായിരുന്നു. പത്തു മാസം മുമ്പാണ് വീണ്ടും കുട്ടികളെ ഉപേക്ഷിച്ച് ഇവര്‍ കടന്നത്.
പിഞ്ചു കുട്ടികളുടെ സംരക്ഷ ചുമതല നിർവഹിക്കാതെ ഉപേക്ഷിച്ച് പോയതിന് 28 വയസുകാരിയായ യുവതിക്കെതിരെ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസ് എടുത്തു. താനൂരിൽ തിരിച്ചെത്തിച്ച യുവതിയെ മജിസ്‌ട്രെറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam