Asianet News MalayalamAsianet News Malayalam

ഓൺലൈൻ ചൂതാട്ടത്തിൽ പത്ത് ലക്ഷം പോയി, യുവതി ജീവനൊടുക്കി

തന്റെ 20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോ​ഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ചെയ്തു

Woman commit suicide after loosing money in Online Gambling
Author
Chennai, First Published Jun 8, 2022, 11:28 AM IST

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിൽ പണവും സ്വർണ്ണവും നഷ്ടമായതോടെ യുവതി ആത്മഹത്യ ചെയ്തു. ചെന്നൈയിലാണ് സംഭവം. ​ഗണിത ബിരുദധാരിയായ ഭവാനിയാണ് ജൂൺ അഞ്ചിന് ജീവനൊടുക്കിയത്. 20 പവനും മൂന്ന് ലക്ഷം രൂപയുമാണ് ഭവാനിക്ക് നഷ്ടമായതെന്നാണ് പൊലീസ് പറയുന്നത്. ആറ് വർഷം മുമ്പ് ഭാ​ഗ്യാരാജ് എന്നയാളെ വിവാഹം ചെയ്ത ഭവാനിക്ക് രണ്ട് കുട്ടികളുമുണ്ട്. ഒരു സ്വകാര്യ മെഡിക്കൽ കമ്പനിയിൽ ജീവനക്കാരിയായിരുന്നു ഭവാനി. 

ഇവർ നിരന്തരം ഓൺലൈനായി റമ്മി കളിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ 20 പവന്റെ സ്വർണ്ണം വിറ്റ് കിട്ടിയ പണമുപയോ​ഗിച്ചാണ് ഭവാനി റമ്മി കളിച്ചത്. ഇതിന് പുറമെ രണ്ട് സഹോദരിമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങുകയും ഇത് ഉപയോ​ഗിച്ച് റമ്മി കളിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പണമെല്ലാം ഇവർക്ക് നഷ്ടമായി. കളിയിൽ 10 ലക്ഷത്തോളം രൂപ ഭവാനിക്ക് നഷ്ടമായെന്നാണ് സൂചന. 

മരിക്കുന്നതിന് നാല് ദിവസം മുന്നെ തനിക്ക് നേരിട്ട് നഷ്ടം ഭവാനി തന്റെ സഹോദരിമാരിലൊരാളോട് പറഞ്ഞിരുന്നു. ഞായറാഴ്ച രാത്രി ഭവാനിയെ ഇവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഇവരെ സർക്കാർ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് ഭവാനിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 

Read Also: പബ്ജി കളിക്കാൻ അനുവദിച്ചില്ല, മകൻ അമ്മയെ വെടിവച്ച് കൊന്നു, ഉപയോഗിച്ചത് അച്ഛന്റെ തോക്ക്

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭവാനി ശക്തയായ സ്ത്രീ ആയിരുന്നെന്നും ഭരതനാട്യം നർത്തകിയായിരുന്നെന്നും അവളുടെ സുഹൃത്തുക്കളിലൊരാൾ ട്വിറ്ററിൽ കുറിച്ചു. ഓൺലൈൻ ചൂതാട്ടം നിരോധിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഈ വർഷം മാർച്ചിൽ തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി പറഞ്ഞിരുന്നു.  മുൻ എഐഎഡിഎംകെ സർക്കാർ 2020 ൽ ഓൺലൈൻ ചൂതാട്ടം നിർത്തലാക്കിക്കൊണ്ട് ഓർഡിനൻസ് ഇറക്കിയിരുന്നു. എന്നാൽ ഇത് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയാണ് ഉണ്ടായത്. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് കോടതി ഓർഡിനൻസ് സ്റ്റേ ചെയ്തത്. 

Follow Us:
Download App:
  • android
  • ios