യുവതിയെ സഹോദരങ്ങള്‍ വെടിവെച്ച് കൊന്നു; ദുരഭിമാനക്കൊലയെന്ന് സംശയം

By Web TeamFirst Published Dec 12, 2020, 3:50 PM IST
Highlights

സഹോദരന്മാരായ സുനില്‍, സുധീര്‍ അമ്മ സുഖാരനി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 24കാരിയായ യുവതിയെ സഹോദരങ്ങള്‍ വെടിവെച്ച് കൊലപ്പെടുത്തി. മെയിന്‍പുരി ജില്ലയിലെ ഫറന്‍ജി ഗ്രാമത്തിലാണ് സംഭവം. ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ സംസ്‌കരിച്ചു. ചാന്ദ്‌നി കശ്യപാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഇവരുടെ മൃതദേഹം കണ്ടെടുത്തു. സഹോദരന്മാരായ സുനില്‍, സുധീര്‍ അമ്മ സുഖാരനി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതാപ്‌നഗര്‍ ജില്ലയിലെ തൊടര്‍പുര്‍ ഗ്രാമത്തിലെ അര്‍ജുന്‍ യാദവ്(26) എന്ന യുവാവിനെയാണ് പെണ്‍കുട്ടി ജൂണ്‍ 12ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം ചെയ്തത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. ബന്ധത്തെ ചാന്ദ്‌നിയുടെ വീട്ടുകാര്‍ എതിര്‍ത്തു. വിവാഹ ശേഷം ദില്ലിയില്‍ അര്‍ജുന്‍ ജോലി ചെയ്യുന്നിടത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സഹോദരങ്ങളുടെ ക്ഷണപ്രകാരം നവംബര്‍ 17ന് ചാന്ദ്‌നി സ്വന്തം ഗ്രാമത്തിലെത്തി. എന്നാല്‍ പിന്നീട് ഭര്‍ത്താവിന് ഇവരെ ഫോണില്‍ കിട്ടാതെയായി.

നവംബര്‍ 23ന് അര്‍ജുനും അമ്മയും ചാന്ദ്‌നിയുടെ വീട്ടിലെത്തി അന്വേഷിച്ചപ്പോള്‍ ചാന്ദ്‌നി ദില്ലിയിലേക്ക് തിരിച്ചെന്ന് മറുപടി നല്‍കി. ദില്ലിയിലെത്തിയപ്പോള്‍ ചാന്ദ്‌നി അവിടെയെത്തിയിട്ടില്ലായിരുന്നു. തുടര്‍ന്ന് മയുര്‍വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സുനിലും സുധീറും കുറ്റം സമ്മതിച്ചു.

മൃതദേഹം സംസ്‌കരിച്ച സ്ഥലം ആദ്യം തെറ്റിയാണ് ഇവര്‍ പറഞ്ഞത്. പിന്നീട് അമ്മ പറഞ്ഞ സ്ഥലത്തു കുഴിച്ചുനോക്കിയപ്പോള്‍ മൃതദേഹം കണ്ടെടുത്തു. ആസൂത്രണം നടത്തിയാണ് ഇവര്‍ കൊലപാതകം നടത്തിയതെന്ന് സംശയിക്കുന്നതായി എസ്പി അവിനാശ് പാണ്ഡെ പിടിഐയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.
 

click me!