കണ്ണിലൊഴിക്കുന്ന മരുന്ന് കുടിവെള്ളത്തില്‍ കലര്‍ത്തി ഭര്‍ത്താവിനെ കൊന്നു; നഴ്സിന് 25 വര്‍ഷം തടവ്

By Web TeamFirst Published Jan 17, 2020, 7:45 PM IST
Highlights

കുടിവെള്ളത്തില്‍ കണ്ണിലൊഴിക്കുന്ന മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ 53 കാരിക്ക് 25 വര്‍ഷം തടവ്. 

സൗത്ത് കരോലിന: കുടിവെള്ളത്തില്‍ കണ്ണിലൊഴിക്കുന്ന മരുന്ന് കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ 53കാരിക്ക് 25 വര്‍ഷം തടവ്. സൗത്ത് കരോലിന സ്വദേശിയായ ലന സ്യൂ ക്ലേയ്റ്റണാണ് ഭര്‍ത്താവായ 64 കാരന്‍ സ്റ്റീവന്‍ ക്ലേയ്റ്റണെ ക്രൂരമായി കൊലപ്പെടുത്തിയത്. വെറ്ററന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്‍റിലെ മുന്‍ നഴ്സാണ് ഇവര്‍. 

2018 ജൂലൈ 19നും 21 നും ഇടയിലാണ് കൊലപാതകം നടന്നത്. സ്റ്റീവന്‍റേത് സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ ഒട്ടോപ്സി ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ ടെട്രാഹൈഡ്രോസോലിന്‍റെ സാന്നിധ്യം ഇയാളുടെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. ടെട്രാഹൈഡ്രോസോലിന്‍ അടങ്ങിയ കണ്ണിലൊഴിക്കുന്ന വിസിന്‍ എന്ന തുള്ളിമരുന്ന് കുടിവെള്ളത്തില്‍ കലര്‍ത്തി മൂന്ന് ദിവസം ഭര്‍ത്താവിന് നല്‍കിയെന്ന് ചോദ്യം ചെയ്യലില്‍ ലന സമ്മതിച്ചു.

Read More: 92 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി; 21കാരന്‍റെ മേല്‍ കൊലക്കുറ്റം ചുമത്തി

ഭര്‍ത്താവിന്‍റെ ഉപദ്രവം സഹിക്കാനാവാതെയാണ് ഇങ്ങനെ ചെയ്തതെന്ന് ലന പറഞ്ഞു. കണ്ണിലൊഴിക്കുന്ന മരുന്ന് കുടിവെള്ളത്തില്‍ ചേര്‍ക്കുന്നത് മൂലം വയറിളക്കം ഉണ്ടാകുമെന്ന് കരുതിയതെന്നും കൊലപ്പെടുത്താന്‍ പദ്ധതിയില്ലായിരുന്നെന്നും കുറ്റസമ്മതത്തിനിടെ ഇവര്‍ പറഞ്ഞു. പ്രത്യേക രുചിയും മണവുമില്ലാത്ത ഐ ഡ്രോപ്പ്സ് ഇതിനായി ഉപയോഗിക്കാമെന്ന് സിനിമകള്‍ കണ്ടാണ് മനസ്സിലാക്കിയതെന്നും ലന കൂട്ടിച്ചേര്‍ത്തു. 2018 ഓഗസ്റ്റിലാണ് കൊലപാതകക്കുറ്റത്തിന് ലനയെ അറസ്റ്റ് ചെയ്തത്. സൗത്ത് കരോലിന സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.  

click me!