ന്യൂയോര്‍ക്ക്: 92 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ 21കാരന്‍ അറസ്റ്റില്‍. അനധികൃത കുടിയേറ്റക്കാരനായ റിയാസ് ഖാന്‍ എന്ന വ്യക്തിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചാര്‍ത്തിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. മരിയ ഫ്യൂന്‍റസ് എന്ന 92 വയസുകാരിയെയാണ് റിയാസ് ഖാന്‍ ആക്രമിച്ചത്. ജനുവരി ആറിനാണ് സംഭവം അരങ്ങേറിയത്. 

ഏഴ് കുറ്റങ്ങളാണ് റിയാസ് ഖാനെതിരെ ചുമത്തിയിരിക്കുന്നത്. സെക്കന്‍റ് ഡിഗ്രി കൊലപാതകം, ബലാത്സംഗത്തിനുള്ള ശ്രമം, ലൈംഗിക പീഡനം, തെളിവുകള്‍ നശിപ്പിക്കല്‍ എന്നിങ്ങനെയാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 

യാനയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ് റിയാസ് ഖാന്‍. ഇതിനു മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തതിനും, ആയുധം കൈവശം വച്ചതിനും നാടുകടത്തലിന് വിധിക്കപ്പെട്ടയാളായിരുന്നു ഇയാള്‍. എന്നാല്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്നു. അതിനിടെയാണ് ജനുവരി 6ന് സംഭവം അരങ്ങേറിയത്.

ഇരയായ സ്ത്രീയുടെ വീട്ടില്‍ നിന്ന് ഒരു ബ്ലോക്ക് അകലെ ലിബര്‍ട്ടി അവന്യൂവിനും റിച്ച്മണ്ട് ഹില്ലിലെ 127ാമത്തെ സ്ട്രീറ്റിനുമിടയ്ക്കാണ് ആക്രമണം നടന്നത്. റോഡരികിലൂടെ നടന്നുപോകുകായിരുന്ന വൃദ്ധയെ പുറകില്‍ നിന്നു തള്ളി നിലത്തിട്ട് ലൈംഗികമായി പീഡിപ്പിച്ചതിനു ശേഷമാണ് കൊലപ്പെടുത്തുകയാണ് എന്നാണ് പൊലീസ് പറയുന്നത്. 

പൂച്ചകളെ വളരെയധികം സ്നേഹിച്ചിരുന്ന മരിയ ഫ്യൂന്‍റസിനെ പ്രദേശവാസികള്‍ 'ക്യാറ്റ് ലേഡി' എന്നായിരുന്നു വിളിച്ചിരുന്നത്. അവരുടെ നേരെ നടന്ന സംഭവം പ്രദേശവാസികളില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഫെബ്രുവരി 4 നാണ് റിയാസ് ഖാനെ വീണ്ടും കോടതിയില്‍ ഹാജരാക്കുക.