
സൂറത്ത്: നാല് മക്കളുടെ മുന്നിലിട്ട് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി ഭാര്യ. ഗുജറാത്തിലെ സൂറത്തിലുള്ള പാണ്ഡെസാരയിലാണ് സംഭവം നടന്നത്. 35 കാരനായ പ്രേംചന്ദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സുധ സോങ്കർ, ഇവരുടെ സുഹൃത്ത് സന്തോഷ് പ്രജാപതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്‌ച പുലർച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. സുധയും സന്തോഷും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതേ ചൊല്ലി പ്രേംചന്ദും സുധയും തമ്മിൽ തർക്കവും വഴക്കം പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് ഇരുവരും പ്രേംചന്ദിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
സംഭവദിവസം പുലർച്ചെ വീട്ടിലെത്തിയ സന്തോഷ്, പ്രേംചന്ദിനെ ആക്രമിച്ചു. തുടർന്ന് സുധയുടെ സഹായത്തോടെ ഇയാൾ പ്രേംചന്ദിൻ്റെ കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന കത്തികൊണ്ട് കഴുത്തറുക്കുകയും ചെയ്തു. ഇതിന് ശേഷം ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി തലയ്‌ക്കടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
നാല് മക്കളുടെ സാന്നിധ്യത്തിലായിരുന്നു സുധയും സന്തോഷും ചേർന്ന് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലയ്‌ക്ക് ശേഷം സുധ, സന്തോഷിൻ്റെ വീട്ടിലേക്ക് പോയി. രാവിലെ മടങ്ങിവന്ന യുവതി ഭർത്താവിനെ
മോഷ്ടാക്കൾ കൊലപ്പെടുത്തിയെന്ന് സമീപവാസികളെ ധരിപ്പിച്ചു. കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ഇക്കാര്യം പറയിപ്പിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് എത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്‌തതോടെ കുട്ടികൾ കൊലപാതക വിവരം വെളിപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതി കുറ്റം സമ്മതിച്ചു. സുധയ്‌ക്കും സന്തോഷിനുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam