ബിസ്‍കറ്റെന്ന് കരുതി എലിവിഷം കഴിച്ച് മക്കളുടെ മരണം; അച്ഛന്‍റെ അന്വേഷണത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം ഭാര്യയും കാമുകനും അറസ്റ്റില്‍

By Web TeamFirst Published Aug 24, 2019, 10:41 AM IST
Highlights

കുട്ടികളുടെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും ഭാര്യക്കും കാമുകനുമാണ് പങ്കെന്നും രാഘവാനന്ദത്തിന് സ്വന്തം അന്വേഷണത്തില്‍  ബോധ്യപ്പെട്ടു.

മധുര: മൂന്ന് വര്‍ഷം മുമ്പാണ് രാഘവാനന്ദത്തിന്‍റെ രണ്ട് മക്കള്‍ അബദ്ധത്തില്‍ എലിവിഷം കഴിച്ച് മരിക്കുന്നത്. ബിസ്ക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് മൂന്ന് മക്കള്‍ എലിവിഷം കഴിക്കുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജിത(27) പൊലീസിനോടും ഡോക്ടര്‍മാരോടും പറഞ്ഞത്. ഇളയകുട്ടി രക്ഷപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലും അസ്വഭാവികമായി ഒന്നും കണ്ടില്ല. അതോടെ കേസ് അവസാനിപ്പിച്ചു. മക്കള്‍ മരിക്കുമ്പോള്‍ രാഘവാനന്ദം വിദേശത്തായിരുന്നു. ഭാര്‍ഗവി(7), യുവരാജ്(5) എന്നീ കുട്ടികളാണ് മരിച്ചത്.

മൂന്ന് വയസ്സുകാരനായ ഇളയമകന്‍ ബാല രക്ഷപ്പെട്ടു. മക്കള്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് രാഘവാനന്ദം നാട്ടിലെത്തുന്നത്. കുട്ടികളുടെ മരണത്തില്‍ നേരത്തെ തന്നെ രാഘവാനന്ദത്തിന് സംശയമുണ്ടായിരുന്നു. നാട്ടില്‍ എത്തിയപ്പോള്‍ സ്വന്തം നിലയില്‍ അന്വേഷണം തുടങ്ങി. ഭാര്യ രഞ്ജിതക്ക് കല്ല്യാണരാമന്‍ എന്നൊരാളുമായി ബന്ധമുണ്ടെന്ന് രാഘവാനന്ദത്തിന് മനസ്സിലായി. കുട്ടികളുടെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും ഭാര്യക്കും കാമുകനുമാണ് പങ്കെന്നും രാഘവാനന്ദത്തിന് സ്വന്തം അന്വേഷണത്തില്‍  ബോധ്യപ്പെട്ടു.

കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെളിവ് സഹിതം രാഘവാനന്ദം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. രാഘവാനന്ദത്തിന്‍റെ ആവശ്യം അംഗീകരിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കീഴവളവ് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവന്നത്. രാഘവാനന്ദം വിദേശത്തായ സമയത്താണ് ഇരുവരും അടുക്കുന്നത്.

ബന്ധം പ്രണയമായി മാറി. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ ഇവര്‍ക്ക് മക്കള്‍ തടസ്സമായി. അങ്ങനെയാണ് മക്കളെ ഒഴിവാക്കാന്‍ ഇവര്‍ തീരുമാനിച്ചത്. ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി മക്കള്‍ക്ക് എലിവിഷം നല്‍കി. ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും പറയേണ്ടത് നേരത്തെ ആസൂത്രണം ചെയ്ത് ഇവര്‍ പൊലീസിനെയും ഡോക്ടര്‍മാരെയും കബളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. വ്യാഴാഴ്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

click me!