
ഹൈദരാബാദ്: വസ്ത്രവ്യാപാര സ്ഥാപനത്തിൽ കയറി ജീവനക്കാരിയെ കുത്തിക്കൊന്നു. കടയിലെ മുൻ ജീവനക്കാരനാണ് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹൈദരാബാദിലെ അസംപുരയിലെ മൻഹ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഹോൾസെയിൽ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ ചഞ്ചൽഗുഡ നിവാസി താഹിറ ബാനു(35)ആണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ മുഹമ്മദ് ഇബ്രാഹിമാണ് താഹിറയെ കൊലപ്പെടുത്തിയത്.
രാത്രി 9.40-ഓടെ കടയിലേക്ക് ഓടിയെത്തിയ പ്രതി കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പ്രതിയായ മുഹമ്മദ് ഇബ്രാഹിമിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഒരുമിച്ച് ജോലിചെയ്യുന്നതിനിടെ താനും താഹിറ ബാനുവും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും യുവതി പിന്നീട് ബന്ധത്തിൽനിന്ന് അകന്നതാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് പ്രതിയുടെ മൊഴി. പ്രതിയായ മുഹമ്മദ് ഇബ്രാഹിം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഇയാളുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്നും കൊലപാതകത്തിന് പിന്നിലെ കാരണം സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിക്ക് നേരേ ആക്രണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇയാളെ പിന്നീട് മലകാപേട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam