ഉത്തര്‍പ്രദേശില്‍ അഞ്ച് കുട്ടികളെ അമ്മ ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞതിന് കാരണം കുടുംബകലഹം?

By Web TeamFirst Published Apr 12, 2020, 10:16 PM IST
Highlights

വലിച്ചെറിഞ്ഞ കുട്ടികളില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. യുവതി കുട്ടികളുമായി ജഹാംഗിരാബാദിലെ ഗോപിഗഞ്ച് കോട്ട് വാലിയിലെ ഗംഗാ ഘാട്ടില്‍ നിന്ന് നദിയിലേക്ക് ചാടിയെന്നായിരുന്നു ആദ്യ വിവരം. 

ഭദോഹി: ഉത്തർപ്രദേശിലെ ഭദോഹിയിൽ അമ്മ അഞ്ച് കുട്ടികളെ ഗംഗ നദിയിലേക്ക് വലിച്ചെറിഞ്ഞു. ഭദോഹിയിലെ ജഹാംഗിരാബാദിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭർത്താവുമായുള്ള തർക്കത്തെ തുടർന്നാണ് പ്രതി മഞ്ജു യാദവ് കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞതെന്ന് പൊലീസ് പറയുന്നു.

ഒരു വർഷമായി യുവതിയും ഭര്‍ത്താവായ മൃദുല്‍ യാദവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും പൊലീസ് പറയുന്നു. വലിച്ചെറിഞ്ഞ കുട്ടികളില്‍ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. യുവതി കുട്ടികളുമായി ജഹാംഗിരാബാദിലെ ഗോപിഗഞ്ച് കോട്ട് വാലിയിലെ ഗംഗാ ഘാട്ടില്‍ നിന്ന് നദിയിലേക്ക് ചാടിയെന്നായിരുന്നു ആദ്യ വിവരം.

അലറി വിളിച്ചുകൊണ്ട് കുട്ടികളെ നദിയിലേക്ക് എറിയുന്നത് കണ്ട് യുവതി മന്ത്രവാദിനി ആണോയെന്ന് സംശയത്തിലായിരുന്നു നാട്ടുകാര്‍. കുട്ടികള്‍ മുങ്ങിത്താഴുന്നത് മഞ്ജു നോക്കി നിന്നുവെന്നാണ് സാക്ഷി മൊഴികള്‍ ആരോപിക്കുന്നത്. കുട്ടികളെ നദിയിലേക്ക് വലിച്ചെറിഞ്ഞ യുവതി തന്നെയാണ് നാട്ടുകാരെ അറിയിച്ചത്. ജഹാംഗിരാബാദ് മേഖലയിൽ നദിക്ക് ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് എസ്പി രാം ബദൻ സിംഗ് പറയുന്നു. എന്നാല്‍ ലോക്ക്ഡൌണില്‍ കുടുംബം പട്ടിണിയിലായിരുന്നുവെന്നും ഇത് ദിവസവേതനക്കാരിയായ യുവതിയെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നുമാണ് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 

click me!