
കൊല്ലം: കൊല്ലത്ത് യുവതിയെ പങ്കാളി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിതറ സ്വദേശി സ്മിതയെ ആണ് പങ്കാളി തീ കൊളുത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന സുനിൽകുമാറിനെ പൊലീസ് പിടികൂടി. വേങ്കോട് സ്വദേശിയായ സമിത കഴിഞ്ഞ മൂന്ന് വർഷമായി സുനിൽകുമാറിനൊപ്പമാണ് താമസം. മദ്യപിച്ചെത്തി സുനിൽ യുവതിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ കുടുംബ വീട്ടിൽ പോയി മടങ്ങി എത്തിയ സ്മിതയെ പ്രതി ക്രൂരമായി മര്‍ദ്ദിച്ചു. അടുക്കളയിൽ നിന്നും മണ്ണെണ്ണയെടുത്ത് യുവതിയുടെ ശരീരമാസകലമൊഴിച്ചു. ഇതോടെ യുവതി വീടിന് പുറത്തേക്ക് ഓടി. പിന്നാലെ സിഗരറ്റ് പ്രതി ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നുവെന്ന് സ്മിതയുടെ മകൾ പൊലീസിന് മൊഴി നൽകി.
സ്മിതയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും യുവതിയുടെ ദേഹമാസകലം പൊള്ളലേറ്റിരുന്നു. യുവതിയെ ആദ്യം കടക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്മിതയുടെ ശരീരത്തിൽ 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതി സുനിൽ കുമാറിനെ വീട്ടിൽ നിന്നും ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. വിരലടയാള വിദഗ്ദർ സ്ഥലത്ത്എത്തി തെളിവുകൾ ശേഖരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, തൃശ്ശൂരിൽ ക്ലാസ് മുറിയിൽ വെച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് ശിക്ഷ. പ്രതിയെ 30 വർഷം കഠിന തടവിനും 85000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടിൽ രാധാകൃഷ്ണനാണ് ശിക്ഷിക്കപ്പെട്ടത്. 56 വയസുകാരനാണ് പ്രതി. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷയാണ് ശിക്ഷ പുറപ്പെടുവിച്ചത്. 2014 ലെ അദ്ധ്യയന വർഷത്തിന്റെ ആരംഭത്തിലായിരുന്നു സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam