
കോട്ടയം : ഏറ്റുമാനൂർ അതിരമ്പുഴയിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയെ പൊലീസ് പിടികൂടി. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേൽ വീട്ടിൽ പത്മനാഭന്റെ ഭാര്യ തങ്കമ്മയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തങ്കമ്മയും സുഹൃത്തുക്കളും ചേർന്ന് 2021ൽ അതിരമ്പുഴ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് സ്വർണം പരിശോധിച്ചതില്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിൽ ഒരാളായ പാണ്ടൻപാറയിൽ വീട്ടിൽ അപ്പക്കാള എന്ന് വിളിക്കുന്ന രാകേഷിനെ പിടികൂടുകയും ചെയ്തിരുന്നു. മറ്റു പ്രതികൾ രണ്ടു വർഷക്കാലമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി പ്രത്യേകം അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇടുക്കി കമ്പിളികണ്ടത്തിൽ നിന്ന് യുവതിയെ പിടികൂടുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ കോതമംഗലം സ്വദേശി ബിജുവിനെ പെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു.
Read More : പീഡനക്കേസ് പിൻവലിക്കാൻ ഇരയ്ക്ക് മേലെ സമ്മർദ്ദം; പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ കേസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam