
കൊല്ലം: ചടയമംഗലം അക്കോണത്ത് യുവതി ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ഇരുപത്തിനാല് വയസുള്ള ലക്ഷ്മിപിള്ളയാണ് മരിച്ചത്. വിദേശത്ത് നിന്നും ഇന്ന് രാവിലെ വീട്ടിലെത്തിയ ഭർത്താവാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്.
ചടയമംഗലം അക്കോണം സ്വദേശിയായ ഭർത്താവ് കിഷോർ ഇന്ന് രാവിലെ 11 മണിയോടെ കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയ കിഷോർ, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. തുടർന്ന് ചടയമംഗലം പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം കോളേജിലേക്ക് മാറ്റി. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലത്ത് വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി
ചടയമംഗലത്ത് തന്നെ കഴിഞ്ഞ ദിവസം മറ്റൊരു പെൺകുട്ടി ജീവനൊടുക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഭിഭാഷകയായ ഐശ്വര്യയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണൻ നായരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതി ക്രൂര പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ഡയറിക്കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.
ഭർതൃ പീഡനത്തെ തുടർന്നാണ് മരണം ആരോപിച്ചു ഐശ്വര്യയുടെ സഹോദരൻ ചടയമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കണ്ടെത്തിയത്. ക്രൂരമായ പീഡനമാണ് കണ്ണൻ നായരിൽ നിന്നും ഉണ്ടായതെന്നാണ് ഐശ്വര്യ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നത്. വഴക്കിട്ട് താലിമാല വലിച്ചു പൊട്ടിച്ചു.നിരന്തരം മർദിച്ചു. തൻറെ മരണത്തിന് ഉത്തരവാദി ഭർത്താവ് കണ്ണൻ നായരാണെന്നും അഭിഭാഷകയുടെ ഡയറിക്കുറിപ്പിലുണ്ട്. ചായക്ക് കടുപ്പം കുറഞ്ഞതിന്റെ പേരിൽ മകളെ മർദിക്കുന്നത് നേരിട്ട് കാണേണ്ടി വന്നിട്ടുണ്ടെന്നാണ് ഐശ്വര്യയുടെ അമ്മ പൊലീസിന് നൽകിയ മൊഴി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam