
ലക്നൗ: വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ച യുവതിക്ക് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഹിന എന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവംബർ 30ന് ഉത്തർപ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലെ ടിക്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. നൃത്തം ചെയ്യുന്നതിനായി എത്തിയ യുവതികൾക്കൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്ന ഹിനയ്ക്കുനേരെ വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹിനയും മറ്റ് യുവതികളും ചേർന്ന് സ്റ്റേജിൽ നൃത്തം ചെയ്യുന്നതും പെട്ടെന്നുതന്നെ നൃത്തവും പാട്ടും നിർത്തുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. നൃത്തം ചെയ്യുന്നത് അവസാനിപ്പിച്ചാൽ വെടിയുതിർക്കുമെന്ന് ഒരാൾ വിളിച്ചുപറയുന്നതും വീഡിയോയിൽ കേൾക്കാം.
"
നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജിൽ കയറിവന്നയാൾ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനൊപ്പം പാട്ടും അവസാനിപ്പിരുന്നു. പിന്നീട് പാട്ടിനായി സ്റ്റേജിൽ കാത്തുനിൽക്കുന്നതിനിടെയാണ് വേദിയിലിരുന്നയാൾ ഹിനയ്ക്കുനേരെ വെടിയുതിർത്തത്. ഹിനയുടെ താടിയ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഹിനയെ ആദ്യം പ്രാഥമിക ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലുള്ള സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലേക്ക് ഹിനയെ മാറ്റിയിരുന്നതായും സഹപ്രവർത്തകർ പറഞ്ഞു.
ഗ്രാമമുഖ്യനായ സുധീർ സിംഗിന്റെ മകളുടെ വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനായി ഹമീർപൂരിൽനിന്ന് എത്തിയതായിരുന്നു ഹിന. ആഘോഷത്തിനിടെ നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി ഹിനയ്ക്ക് നേരെ വെടിയുതിർത്തത്. വെടിവയ്പ്പിൽ സ്റ്റേജിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൊലക്കുറ്റിന് കേസെടുത്തിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam