വർക്ക് ഫ്രം ഹോം തട്ടിപ്പ്; കണ്ണികൾ തെക്കേന്ത്യൻ സംസ്ഥാനങ്ങളിലും, നൽകുന്നത് വ്യാജ വിലാസം

By Web TeamFirst Published Jun 21, 2021, 10:46 AM IST
Highlights

കോൾ സെന്റര്‍, ഡേറ്റ എൻട്രി അടക്കം വിവിധ തരം തൊഴിലുകളാണ് വാഗ്ദാനം ചെയ്യുന്നത്. സെക്യൂരിറ്റി തുക അനുസരിച്ച് വരുമാനം കൂടുമെന്ന് വാഗ്ദാനം. ഇത്തരം തട്ടിപ്പുകാരെ കണ്ടെത്തുന്നത് പൊലീസിനും വെല്ലുവിളിയാണ്.

ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന പേരിൽ തട്ടിപ്പ് നടത്തുന്ന സൈബർ സംഘങ്ങളുടെ കണ്ണികൾ ഉത്തരേന്ത്യയിൽ മാത്രമല്ല ബെംഗൂളൂരു അടക്കമുള്ള തെക്കേന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ചും ഇവരുടെ പ്രവർത്തനം സജീവമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ ബോധ്യമായി. സെക്യൂരിറ്റിയായി നൽകുന്ന തുക അനുസരിച്ച് വരുമാനവും കൂടുമെന്നാണ് ഇത്തരം തട്ടിപ്പുകാർ നൽകുന്ന വാഗ്ദാനം. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം "പൂട്ട് തുറന്ന് തട്ടിപ്പുകൾ' തുടരുന്നു.
 
ജോലിക്കായി വിവിധ വെബ് സൈറ്റുകളിൽ പേര് നൽകിയതിന് പിന്നാലെ വാട്സ്ആപ്പിലേക്കടക്കം എത്തിയത് നിരവധി ജോലി ഓഫറുകളാണ്. കോൾ സെന്റര്‍, ഡേറ്റ എൻട്രി അടക്കം വിവിധ തരം തൊഴിലുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇങ്ങനെ ഡേറ്റാ എൻട്രി ജോലി വീട്ടിലിരുന്ന് ചെയ്ത് പണം സന്പാദിക്കാമെന്ന് പറഞ്ഞാണ് ബെംഗുളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന RK SOLUTIONS എന്ന് കമ്പനിയുടെ സന്ദേശം വാട്സ്ആപ്പിൽ എത്തിയത്. മറ്റു കന്പനികളിൽ നിന്ന് വ്യത്യസ്തമായി സെക്യൂരിറ്റി തുക കൂടുന്നത് അനുസരിച്ച് വരുമാനം കൂടുമെന്നാണ് ഈ കമ്പനി നൽകുന്ന വാഗ്ദാനം.  വിവിധ സ്കീമുകൾ വിശദീകരിച്ച് അയച്ച മെസേജിൽ കമ്പനി ജോലി പൂർത്തിയാക്കുന്നവർക്ക് നൽകിയ തുകയുടെ വിശദാശംങ്ങളും ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ ഈ നമ്പറിൽ ‌ഏഷ്യാനെറ്റ് ന്യൂസ് സംഘം വിളിച്ചു.

വർഷങ്ങളായി ഡേറ്റാ എൻട്രി ജോലി നൽകുന്ന സ്ഥാപനമാണെന്നും ജോലിക്ക് അനുസരിച്ച് വരുമാനം കൂടുമെന്നുമായിരുന്നു കമ്പനി പ്രതിനിധിയുടെ ഉറപ്പ്. എത്രയും വേഗം പണം അടയ്ക്കാനും ഉപദേശം. ഇതിന് പിന്നാലെ ഇവർ അയച്ച് സന്ദേശത്തിലുള്ള ബെംഗളൂരു വിലാസത്തിലേക്ക് ഞങ്ങളുടെ അന്വേഷണം എത്തി. ഉത്തരേന്ത്യയിലുള്ള ഉദ്യോഗാർത്ഥിക്ക് ഇങ്ങനെയൊരു ഓഫർ കിട്ടിയാൽ ഈ കൊവിഡ് സമയത്ത് ബെംഗുളൂരുവിൽ പോയി അന്വേഷിക്കുക എളുപ്പമല്ല.ഇതാണ് ഇവർ ആയുധമാക്കുന്നത്. തീർന്നില്ല ജോലി നൽകിയതിന് ശേഷം തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമാണെന്ന് സൈബർ വിദ്ഗധ‌ർ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ഇരുന്ന് തട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുന്നത് പൊലീസിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. 
 

click me!