
കണ്ണൂർ : പ്രണയപ്പകയിലെ ക്രൂര കൊലപാതകത്തിന്റെ ഞെട്ടലിലാണ് കണ്ണൂർ പാനൂർ സ്വദേശികൾ. അച്ഛമ്മയുടെ മരണാനന്തര ചടങ്ങുകൾ നടക്കുന്ന ബന്ധുവീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോയ മകൾ വിഷ്ണുപ്രിയ തിരികെയെത്താതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തിൽ കുളിച്ച് കിടപ്പുമുറിയിൽ സ്വന്തം മകളുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള ദേഷ്യമാണ് ചുറ്റികകൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊല്ലാനുള്ള പകയിലേക്ക് തന്നെയെത്തിച്ചതെന്നാണ് പ്രതി ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞത്. സമീപവാസിയായ സാക്ഷി പൊലീസിന് നൽകിയ മൊഴിയാണ് കേസന്വേഷണത്തിൽ നിർണായകമായത്. ഇതിനൊപ്പം പെൺകുട്ടിയുടെ ഫോണിലേക്ക് വന്ന അസവാന കോളും നിർണായകമായി.
നിർണായകമായത് മഞ്ഞ തൊപ്പിയും മാസ്കും ധരിച്ച ഒരാൾ സാക്ഷി മൊഴി
അച്ഛന്റെ അമ്മയുടെ മരണാനന്ദര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാർത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാൽ രാവിലെ പത്ത് മണി വരെ വീട്ടിൽ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. മഞ്ഞ തൊപ്പിയും മാസ്കും ധരിച്ച ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.
വിഷ്ണുപ്രിയയ്ക്ക് വന്ന ഫോൺ കോൾ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താൻ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി ശ്യാംജിത് കുറ്റം സമ്മതിച്ചു. ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. നേരത്തെ പ്രണയത്തിലായിരുന്നുവെന്നും പ്രണയത്തിൽ നിന്ന് പിന്മാറിയതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തറുത്തു; പ്രണയപ്പകയിൽ ക്രൂരനായി മാറിയ ശ്യാജിത്ത് അറസ്റ്റിൽ
വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി ശ്യാംജിതിനെ നാളെ കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക. ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ശ്യാംജിത്തിന്റെ കുറ്റസമ്മത മൊഴി. ഇതനുസരിച്ച് കത്തിയും ചുറ്റികയും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തെളിവെടുപ്പ് നാളകഴിഞ്ഞേ ഉണ്ടാകൂയെന്നാണ് പൊലീസ് നൽകുന്ന സൂചന. വിദേശത്തുള്ള അച്ഛൻ നാട്ടിലെത്തിയ ശേഷം നാളെ ഉച്ചക്ക് ശേഷമായിരിക്കും വിഷ്ണുപ്രിയയുടെ സംസ്കാരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam