
കൊച്ചി: ചക്കരപ്പറമ്പിൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെയും ഭാര്യപിതാവിനെയും ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികൾ പിടിയിൽ. പച്ചാളം സ്വദേശികളായ ജിപ്‌സൺ, പിതാവ് പീറ്റർ എന്നിവർക്കെതിരെ ഗാർഹിക പീഡന നിയമപ്രകാരം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ജിപ്സന്‍റെ അമ്മ ജൂലിയും കേസിൽ പ്രതിയാണ്.
എറണാകുളം പള്ളിക്കരയിലെ ബന്ധുവീട്ടിൽ നിന്നാണ് ജിപ്സനെയും പിതാവ് പീറ്ററെയും പൊലീസ് പിടികൂടിയത്. ജിപ്സന്‍റെ ഭാര്യ നൽകിയ സ്ത്രീധന പീഡന പരാതിയിൽ ഇരുവരും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ഏപ്രിൽ 12നായിരുന്നു ജിപ്സനും ചക്കരപ്പറന്പ് സ്വദേശിനിയുമായുള്ള വിവാഹം. കല്യാണം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജിപ്സൻ സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദനം തുടങ്ങി. ജിപ്സന് പിന്തുണയുമായി പിതാവ് പീറ്ററും അമ്മ ജൂലിയും. മതിയായ ഭക്ഷണം പോലും ഭർതൃവീട്ടിൽ നിന്ന് യുവതിയ്ക്ക് നൽകിയില്ല. ഒടുക്കം മൂന്നാഴ്ച മുന്പ് പീഡനം സഹിക്കാതെ യുവതി പച്ചാളത്തുള്ള ഭർതൃവീട്ടിൽ നിന്ന് ഇറങ്ങി. മകൾക്ക് നേരിട്ട ദുരിതം ചോദ്യം ചെയ്യാനെത്തിയ ഭാര്യാപിതാവിനെയും ജിപ്സൻ ക്രൂരമായി മർദ്ദിച്ചു.
യുവതി ആദ്യം വനിത സെല്ലിലും നോർത്ത് പൊലീസിലും പരാതി നൽകിയെങ്കിലും പിതാവിനെ മർദ്ദിച്ചതിന് മാത്രമാണ് കേസ് എടുത്തത്. ഇതോടെ യുവതി കമ്മീഷണർക്ക് നേരിട്ട് പരാതി നൽകി. പിന്നാലെ വനിത കമ്മീഷനും ഇടപെട്ടു. ഇതോടെയാണ് പൊലീസ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതും പ്രതികളെ പിടികൂടിയതും. ജിപ്സന്‍റെ അമ്മ ജൂലിയുടെ പങ്കിനെ കുറിച്ച് അന്വേഷിച്ചശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam