പത്ത് ലക്ഷം ലോൺ ചോദിച്ചു കൊടുക്കാത്ത ബങ്കിന് യുവാവ് തീയിട്ടു, 12 ലക്ഷം രൂപയുടെ നഷ്ടം

By Web TeamFirst Published Jan 13, 2022, 12:16 AM IST
Highlights

വായ്പ നിരസിച്ചതിന്‍റെ പേരില്‍ കര്‍ണാടകയില്‍ ബാങ്കിന് യുവാവ് തീയിട്ടു. ഹവേരി ജില്ലയിലെ കാനറാ ബാങ്ക് ശാഖയ്ക്കാണ് തീയിട്ടത്. 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. 

ബംഗളൂരു: വായ്പ നിരസിച്ചതിന്‍റെ പേരില്‍ കര്‍ണാടകയില്‍ ബാങ്കിന് യുവാവ് തീയിട്ടു. ഹവേരി ജില്ലയിലെ കാനറാ ബാങ്ക് ശാഖയ്ക്കാണ് തീയിട്ടത്. 12 ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. രാത്രി ബാങ്കില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചത്.

കാനറാ ബാങ്കിന്‍റെ ഹവേരി കഗനെല്ലി ശാഖയ്ക്കാണ് 33 കാരന്‍ തീയിട്ടത്. രാത്രിയെത്തി ബാങ്കിന്‍റെ മതില്‍ ചാടികടന്നാണ് യുവാവ് അക്രമം കാണിച്ചത്. ബാങ്കിന്‍റെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത ശേഷം പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. സുരക്ഷാജീവനക്കാരനെത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെട്ടിരുന്നു. നിര്‍ണ്ണായക ഫയലുകള്‍ അടക്കം പന്ത്രണ്ട് ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. 

പത്ത് ലക്ഷം രൂപയുടെ വായ്പയ്ക്ക് വേണ്ടി ഇയാള്‍ കഴിഞ്ഞ മൂന്ന് മാസമായി ബാങ്കില്‍ കയറിയിറങ്ങിയിരുന്നു. രേഖകള്‍ പരിശോധിച്ച ശേഷം അവസാന നിമിഷം ബാങ്ക് അപേക്ഷ നിരസിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് രാത്രി വന്ന് തീയിട്ടത്. ഹവേരി സ്വദേശി എച്ച് മുല്ലയാണ് അക്രമം നട്ടത്തിയത്. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മുല്ലയെ പിന്നീട് നാട്ടുകാര്‍ തന്നെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഐപിസി 436,477 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

click me!