
തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷണ നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ നാല് വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. 2018ല്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ മുട്ടത്തറ വില്ലേജിൽ പുതുവൽപുരയിടം വീട്ടിൽ ട്യൂബ് ഖാദർ എന്ന് വിളിക്കുന്ന അബ്ദുൾ ഖാദറിനെയാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ പൊലീസും ഷാഡോ ഡാൻസാഫ് ടീമും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2018ല്‍ സ്വര്ണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളുമായിരുന്നു ഇയാള്‍ മോഷ്ടിച്ചത്. സംസ്ഥാനത്ത് ഉടനീളം അനവധി മോഷണകേസ്സുകളിലെ പ്രതിയായ ഖാദറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞമാസം പൂജപ്പുരയിലെ ചൈൽഡ് വെൽഫെയർ ഓഫീസ് കുത്തിതുറന്ന് ലാപ്ടോപ്പുകളും , പ്രൊജക്ടറും അടക്കം കവർച്ച നടത്തിയിരുന്നു. ഈ കേസ്സിലെ മറ്റ് മൂന്ന് പ്രതികളെ പൂജപ്പുര പൊലീസ് പിടികൂടിയെങ്കിലും മുഖ്യപ്രതിയായ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
തിരുവനന്തപുരം ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും മോഷണകേസ്സുകളില്‍ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇയാളെ തിരുവനന്തപുരം സിറ്റി പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിച്ച് വരുകയായിരുന്നു. തമിഴ്നാട്ടിലും കൊല്ലം ,ആലപ്പുഴ , എറണാകുളം , തൃശൂർ ജില്ലകളിലെയും നിരവധി മോഷണകേസ്സുകളിലെ പ്രതിയാണ് ഇയാൾ. എറണാകുളം ജില്ലയിൽ ആലുവ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് കുത്തിതുറന്ന് വൻമോഷണം നടത്തിയതും ഇയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമായിരുന്നു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഡി.എസ്സ് സുനീഷ് ബാബുവിന്റെയും ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എം.കെ സുൽഫിക്കറിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് മോഷണ സംഘങ്ങൾക്കെതിരെ തുടരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇയാൾ പിടിയിലായത്.
സമീപകാലത്ത് പട്ടണത്തിൽ മോഷണ പരമ്പര നടത്തിയ സംഘവും പൊലീസ് പിടിയിലായിരുന്നു. ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ ഡി.മിഥുൻ സബ്ബ് ഇൻസ്പെക്ടർമാരായ പി.ആർ.രാഹുൽ ,ബി.ബിനിമോൾ ഷാഡോ ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ എം. ഫിറോസ് ഖാൻ ,എ.എസ്.ഐ മാരായ ബി.ദിലീപ് ,ആർ.ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിദഗ്ദമായി അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിലൂടെ ഇയാളുടെ കൂട്ടാളികളെ പിടികൂടാനാകുമെന്നും ഇവർ നടത്തിയ മറ്റ് മോഷണങ്ങൾ തെളിയിക്കാനാകുമെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam