
തിരുവനന്തപുരം: വഴിയിൽ വച്ച് 11 വയസ്സുകാരിക്ക് നേരെ അതിക്രമത്തിന് ശ്രമിക്കുകയും സംഭവത്തെപ്പറ്റി ചോദ്യം ചെയ്ത മുത്തച്ഛന്‍റെ കൈ തല്ലിയൊടിക്കുകയും തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം തേക്കട കന്യാക്കുളങ്ങര സിന്ധു ദവനിൽ ബിജു (33) ആണ് വട്ടപ്പാറ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ 27ന് രാവിലെ 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അയൽവീട്ടിലേക്ക് പാൽ വാങ്ങാനായി പോയ പതിനൊന്നു വയസുകാരിയെ ബിജു വഴിയിൽ വച്ച് കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി പേടിച്ച് സമീപത്തെ വീട്ടിൽ ഓടി കയറിയാണ് രക്ഷപ്പെട്ടത്. വീട്ടുകാർ അറിയിച്ചതനുസരിച്ച് കുട്ടിയുടെ മുത്തച്ഛൻ സ്ഥലത്തെത്തി. കുട്ടിയിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി ചോദിക്കാൻ ചെന്ന മുത്തച്ഛനെ ബിജു കമ്പി വടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും കൈ തല്ലി ഒടിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
വട്ടപ്പാറ സി ഐ ശ്രീജിത്ത്, എസ് ഐമാരായ സുനിൽ ഗോപി, സുനിൽകുമാർ സിപിഒമാരായ ശ്രീകാന്ത്, ജയകുമാർ, അരവിന്ദ്, രാജീവ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യത്തിനും ലഹരിവസ്തുക്കൾക്കും അടിമയായ പ്രതി നാട്ടുകാർക്കും വീട്ടുകാർക്കും നിരന്തരം ശല്യക്കാരനായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ നാലോളം കേസുകൾ നിലവിലുണ്ട്. പ്രതിക്കെതിരെ വധശ്രമത്തിനും പോക്സോ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam